പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
കൊച്ചിയിലെ സി.എം.ആർ.എൽ ഓഫീസും ബംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ അടച്ചിട്ട ഓഫീസും ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഹൈക്കോടതി ഇഡിക്ക് തുടർ അന്വേഷണം നടത്താൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെയോടെ റെയ്ഡ് ആരംഭിച്ചത്.
മാസപ്പടി കേസിൽ തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് അന്വേഷണ ഏജൻസി കൂടുതൽ ശക്തമായി നടപടികളിലേക്ക് കടന്നത്. നേരത്തെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഈ കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഇഡി ഇടപെടൽ.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടകവീട്ടിലും കണ്ണൂർ പിണറായി പണ്ട്യാലമുക്കിലെ വീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ച് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് യാതൊരു സേവനവും നൽകാതെയാണ് മാസപ്പടിയായി പണം ലഭിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. എന്നാൽ നിയമാനുസൃതമായ സേവനങ്ങൾ നൽകിയ ശേഷമാണ് പണം സ്വീകരിച്ചതെന്നും എല്ലാ ഇടപാടുകളും സുതാര്യമാണെന്നും വീണ നേരത്തെ പ്രതികരിച്ചിരുന്നു.












































