മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതപ്പിക്കുന്ന പുതിയ ‘കിസ്‌വ’ ഔദ്യോഗികമായി കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ശൈബി കുടുംബത്തിന് പുതിയ കിസ്‌വ കൈമാറിയത്.
വരാനിരിക്കുന്ന ഹിജ്റ പുതുവർഷാരംഭ ദിനമായ മുഹറം ഒന്നിന് (ജൂൺ 16) പുതിയ കിസ്‌വ കഅ്ബാലയത്തിൽ അണിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി കൂടിയായ ഇരുഹറം പരിപാലന ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. തൗഫീഖ് അൽറബീഅയും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്ദുൽ മലിക് ബിൻ ത്വാഹാ അൽശൈബിയും പങ്കെടുത്തു. ഔദ്യോഗിക കൈമാറ്റ രേഖകളിൽ ഇരുവരും ഒപ്പുവെച്ചു.
മക്കയിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിലാണ് പുതിയ കിസ്‌വയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും പരമ്പരാഗത ഇസ്‌ലാമിക കലാരീതികളും സംയോജിപ്പിച്ചാണ് കിസ്‌വ ഒരുക്കിയിരിക്കുന്നത്.
പ്രത്യേകതകൾ
മികച്ച ഇസ്‌ലാമിക കാലിഗ്രാഫിയും അലങ്കാര ശൈലികളും ഉൾക്കൊള്ളുന്ന 16 വ്യത്യസ്ത കഷണങ്ങൾ ചേർത്താണ് കിസ്‌വ നിർമ്മിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്ത കറുത്ത പട്ടിൽ നെയ്തെടുത്ത ഈ വിശുദ്ധ വസ്ത്രത്തിന് 14 മീറ്റർ ഉയരമുണ്ട്.
കഅ്ബയുടെ മുകൾഭാഗത്തെ മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള സ്വർണ ബെൽറ്റ് (ഹിസാം) ഘടിപ്പിച്ചിട്ടുണ്ട്. സ്വർണം, വെള്ളി നൂലുകൾ ഉപയോഗിച്ച് വിശുദ്ധ ഖുർആൻ വാക്യങ്ങൾ അതിമനോഹരമായി ഇതിൽ നെയ്തു ചേർത്തിട്ടുണ്ട്.
വിശുദ്ധ കഅ്ബാലയത്തിന്റെയും ഇരുഹറമുകളുടെയും പരിപാലനത്തിനായി സൗദി ഭരണകൂടം നൽകുന്ന പ്രത്യേക ശ്രദ്ധയുടെയും പ്രതിബദ്ധതയുടെയും പ്രതീകമായാണ് പുതിയ കിസ്‌വയെ വിലയിരുത്തുന്നത്. ഇസ്‌ലാമിക കലാരംഗത്തെ അതുല്യമായ കരവിരുതും ആത്മീയ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ സൃഷ്ടിയായും ഇത് കണക്കാക്കപ്പെടുന്നു.













































