ഷാർജ: ഇത്തിഹാദ് റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മലീഹ റോഡിലേക്കുള്ള ദുബായ് എക്സിറ്റിൽ താൽക്കാലിക രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 31 മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.
ഈ കാലയളവിൽ എല്ലാ ദിവസവും അർധരാത്രി 12 മണി മുതൽ പുലർച്ചെ 6 മണിവരെ പാത പൂർണമായും അടച്ചിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആകെ ആറ് മണിക്കൂർ വീതമാണ് ദിവസേന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായാണ് ഈ നടപടി. റോഡ് അടച്ചിടുന്ന സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഗതാഗത നിയന്ത്രണം മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡ് മാർഗനിർദേശ ബോർഡുകളും ട്രാഫിക് മുന്നറിയിപ്പുകളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർഥിച്ചു.
യുഎഇയിലെ പ്രധാന ഗതാഗത, ലോജിസ്റ്റിക്‌സ് ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതികളിൽ ഒന്നാണ് ഇത്തിഹാദ് റെയിൽ പദ്ധതി. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളെ ആധുനിക റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കുന്നുണ്ട്.













































