35 കോടി ദിർഹം ചെലവിടുന്ന വാട്ടർഫ്രണ്ട് പ്രൊജക്റ്റിന്റെ ലോഞ്ച് ഒക്ടോബർ 28-ന് മദീനത്ത് ജുമൈറയിൽ; കൈമാറ്റം 2028-ൽ
ദുബായ്, ഒക്ടോബർ 26, 2026 : ദുബായ് ഐലൻഡ്‌സിൽ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ കാസ വിസ്റ്റ ഡെവലപ്‌മെന്റ് നിർമിക്കുന്ന ‘അക്വോറ’ (AQUORA) ലക്ഷ്വറി വാട്ടർഫ്രണ്ട് പദ്ധതിയിലെ 40 ശതമാനം ഭവനങ്ങളും ഔദ്യോഗിക ലോഞ്ചിന് മുൻപേ വിറ്റഴിഞ്ഞു. 35 കോടി ദിർഹം (350 മില്യൺ ദിർഹം) ചെലവിലാണ് പ്രീമിയം റെസിഡൻഷ്യൽ സമുച്ചയം ഉയരുന്നത്.
ഒക്ടോബർ 28-ന് മദീനത്ത് ജുമൈറയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. യുഎഇയിലെ പ്രമുഖ വ്യക്തികൾ, ആഗോള നിക്ഷേപകർ, വാണിജ്യ പങ്കാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായാണ് ഓഫ്-പ്ലാൻ വിപണിയിൽ പ്രൊജക്റ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചത്.
50,000 ചതുരശ്രയടി വിസ്തൃതിയുള്ള പ്ലോട്ടിൽ 2,42,000 ചതുരശ്രയടി നിർമാണ വിസ്തൃതിയോടെയാണ് അക്വോറ ഒരുങ്ങുന്നത്. 105 വാട്ടർഫ്രണ്ട് വസതികളും തീരദേശത്തോട് ചേർന്നുള്ള ആറ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഇവിടെയുണ്ടാകും. 2028-ന്റെ ആദ്യ പാദത്തിൽ (ക്യു1 2028) നിർമാണം പൂർത്തിയാക്കി ഉടമകൾക്ക് താക്കോൽ കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.



ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ഉൾക്കൊള്ളുന്ന വാസ്തുവിദ്യാ ശൈലിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 22 മീറ്റർ റൂഫ്‌ടോപ്പ് ഇൻഫിനിറ്റി പൂൾ, ആധുനിക ടെക്നോജിം ഫിറ്റ്‌നസ് സെന്റർ, യോഗ സ്റ്റുഡിയോ, സെൻ ഗാർഡൻ, പിക്കിൾബോൾ കോർട്ട് എന്നിവയുൾപ്പെടെ ഇരുപതിലധികം അത്യാധുനിക സൗകര്യങ്ങൾ താമസക്കാർക്കായി ഇവിടെ ഒരുക്കുന്നുണ്ട്.
ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി തന്നെ 40 ശതമാനം വീടുകൾ വിറ്റഴിക്കാനായത് ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസ്യതയുടെ തെളിവാണെന്ന് കാസ വിസ്റ്റ ഡെവലപ്‌മെന്റ് ചെയർമാൻ അബ്ദുൽ ബാസിത് പറഞ്ഞു. ഉയർന്ന ഗുണനിലവാരവും ദീർഘകാല മൂല്യവുമുള്ള ഭവന നിർമാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎഇയിൽ വരും വർഷങ്ങളിൽ കൂടുതൽ വൻകിട പ്രൊജക്റ്റുകൾ ആരംഭിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012 മുതൽ ട്രേഡിങ്, ചരക്ക് നീക്കം, ലോജിസ്റ്റിക്സ്, നിർമാണം തുടങ്ങിയ മേഖലകളിൽ സജീവമായ വാണിജ്യ കുടുംബത്തിന്റെ നേതൃത്വത്തിലാണ് കാസ വിസ്റ്റ ഡെവലപ്‌മെന്റ് പ്രവർത്തിക്കുന്നത്. 2015 മുതൽ ദുബായിലും പ്രമുഖ വിദേശ വിപണികളിലും നിക്ഷേപം നടത്തിവന്ന സംഘം സ്വന്തം നിർമാണ പ്രൊജക്റ്റുകളിലേക്ക് പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അതിവേഗം വികസിക്കുന്ന ദുബായ് ഐലൻഡ്‌സിലേക്ക് ലോകമെമ്പാടുമുള്ള പ്രവാസി-വിദേശ നിക്ഷേപകർ വലിയ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഈ അനുകൂല സാഹചര്യത്തിലാണ് കാസ വിസ്റ്റ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്നത്.










