മസ്‌കത്ത്: ഒമാനിൽ സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പെർമിറ്റുകൾ വീണ്ടും അനുവദിക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഇതോടെ ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വന്നിരിക്കുകയാണ്.
അതോറിറ്റിയുടെ ‘സിർബ്’ (Sirb) പ്ലാറ്റ്‌ഫോമിൽ പ്രത്യേകം നിർദേശിച്ചിട്ടുള്ള ഗ്രീൻ സോണുകളിൽ മാത്രമായിരിക്കും ഡ്രോണുകൾ പറത്താൻ അനുമതി നൽകുക. സുരക്ഷാ മാനദണ്ഡങ്ങളും വ്യോമഗതാഗത ചട്ടങ്ങളും പാലിച്ചുകൊണ്ടായിരിക്കും പെർമിറ്റുകൾ അനുവദിക്കുക.
ഡ്രോൺ പ്രവർത്തനങ്ങൾക്ക് പുറമെ ഒമാനിലുടനീളം പാരാഗ്ലൈഡിങ്, പാരാമോട്ടർ സർവീസുകൾ, മറ്റ് വ്യോമ കായിക വിനോദങ്ങൾ, ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കായിക മത്സരങ്ങൾ, പരിപാടികൾ എന്നിവയും പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നതായും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ അതോറിറ്റി നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ഭാവിയിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഡ്രോൺ സാങ്കേതികവിദ്യ, വിനോദ സഞ്ചാരം, വ്യോമ കായിക മേഖലകൾ എന്നിവയ്ക്ക് ഈ തീരുമാനം പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഫോട്ടോഗ്രഫി, സർവേ, വാണിജ്യ സേവനങ്ങൾ എന്നിവയ്ക്കായി ഡ്രോണുകളെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത് ആശ്വാസകരമായ തീരുമാനമായാണ് കാണപ്പെടുന്നത്.













































