ന്യൂഡൽഹി: പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി, തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി സൂചന . കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുരേഷ് ഗോപിയുടെ ആവശ്യം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെയും പ്രധാനമന്ത്രിയെയും അറിയിച്ചതായാണ് വിവരം. 2024 തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം, കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ്. ഇതിനു മുൻപ് 2016 മുതൽ 2022 വരെ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.












































