കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ കടന്നുകയറ്റമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ജനവാസ മേഖലകളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും രാജ്യാന്തര സമൂഹം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇറാൻ അത് അവഗണിക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു.
ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനാ ചാർട്ടറിന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ബന്ധപ്പെട്ട പ്രമേയങ്ങൾക്കും വിരുദ്ധമായ നടപടിയാണ് ആക്രമണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി വിവിധ രാജ്യങ്ങൾ ശ്രമം നടത്തുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രകോപനപരമായ നടപടികൾ മേഖലയെ കൂടുതൽ അസ്ഥിരതയിലേക്കും യുദ്ധഭീതിയിലേക്കും തള്ളിവിടുമെന്നും മുന്നറിയിപ്പ് നൽകി.
ഏതൊരു സാഹചര്യത്തിലും സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും കുവൈത്ത് ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൈനിക, സുരക്ഷാ ഏജൻസികൾ ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.












































