ദുബൈ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലക്ഷ്വറി വാച്ചുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ദുബൈ പൊലീസ്. യാത്രക്കാരുടെ സുരക്ഷയും അവരുടെ വസ്തുവകകളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ ദുബൈ പൊലീസിന്റെ കാര്യക്ഷമത വീണ്ടും തെളിയിക്കുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ടെർമിനൽ 1-ലെ അറൈവൽ ഏരിയയിൽ വെച്ച് തന്റെ ബാഗ് നഷ്ടമായതായി ഒരു യാത്രക്കാരൻ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ വിമാനത്താവള സുരക്ഷാ വിഭാഗവും ഓപ്പറേറ്റിങ് റൂമും ചേർന്ന് തിരച്ചിൽ നടപടികൾക്ക് തുടക്കമിട്ടു.
ടെർമിനൽ 1 സെക്യൂരിറ്റി ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും യാത്രക്കാരന്റെ സഞ്ചാരപാതകളും വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തു. വിശദമായ പരിശോധനകൾക്കൊടുവിൽ അറൈവൽ ഏരിയയിൽ നിന്ന് തന്നെ ബാഗ് കണ്ടെത്താൻ അധികൃതർക്ക് സാധിച്ചു.
ബാഗ് പരിശോധിച്ചപ്പോൾ 103,880 ദിർഹം (ഏകദേശം 24 ലക്ഷം രൂപ) വിലമതിക്കുന്ന മൂന്ന് ലക്ഷ്വറി വാച്ചുകൾ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്‌ലെറ്റ് എന്നിവ അതിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് ഉടമസ്ഥാവകാശം സ്ഥിരീകരിച്ച ശേഷം ബാഗും അതിലുള്ള മുഴുവൻ സാധനങ്ങളും യാത്രക്കാരന് കൈമാറി.
നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകുന്നതിൽ ദുബൈ പൊലീസ് സ്വീകരിക്കുന്ന അതിവേഗ നടപടികളും സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ഇത്തരം സംഭവങ്ങളിലൂടെ വീണ്ടും ശ്രദ്ധേയമാകുകയാണ്. വിമാനത്താവളങ്ങളിൽ യാത്ര ചെയ്യുന്നവർ വിലപിടിപ്പുള്ള സാധനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.













































