അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ മേഖലയെ നിയമപരമാക്കുന്നതിനുള്ള സുപ്രധാന നടപടിയുടെ ഭാഗമായി സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനുള്ള വർക്ക് പെർമിറ്റ് മാനദണ്ഡങ്ങൾ അധികൃതർ പുറത്തിറക്കി. യോഗ്യതയുള്ള അധ്യാപകർ, ജീവനക്കാർ, സർവകലാശാല വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്കാണ് നിബന്ധനകൾക്ക് വിധേയമായി ട്യൂഷൻ പെർമിറ്റ് അനുവദിക്കുക.
മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം രണ്ട് വർഷ കാലാവധിയുള്ള പെർമിറ്റാണ് അനുവദിക്കുക. ഇതിലൂടെ രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിതവും നിയമാനുസൃതവുമായ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
രജിസ്റ്റർ ചെയ്ത ട്യൂഷൻ അധ്യാപകർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ എന്നീ നാല് വിഭാഗങ്ങൾക്കാണ് പെർമിറ്റിന് അർഹത. ആവശ്യമായ യോഗ്യതകളും രേഖകളും സമർപ്പിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വകാര്യ ട്യൂഷൻ സേവനങ്ങൾ നൽകാൻ സാധിക്കും.
സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ പെർമിറ്റ് ലഭിക്കണമെങ്കിൽ 15 മുതൽ 18 വയസ്സ് വരെയുള്ള പ്രായപരിധിക്കുള്ളിലായിരിക്കണം. സാധുവായ യു.എ.ഇ റസിഡൻസ് വിസ, മാതാപിതാക്കളുടെ സമ്മതപത്രം, സ്കൂൾ എൻറോൾമെന്റ് രേഖ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കണം. സർവകലാശാല വിദ്യാർഥികൾക്കും ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ പെർമിറ്റിന് അപേക്ഷിക്കാം.
സ്വകാര്യ മേഖലയിലോ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, എമിറേറ്റ്സ് ഐഡി, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. സർക്കാർ ജീവനക്കാരും അധ്യാപകരും നിലവിലെ തൊഴിലുടമയിൽ നിന്നുള്ള എൻ.ഒ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) കൂടി ഹാജരാക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് അപേക്ഷകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി നൽകുക. എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ രണ്ട് പ്രവൃത്തിദിവസത്തിനുള്ളിൽ അപേക്ഷകളിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ ട്യൂഷൻ സേവനങ്ങൾ നിയമപരമായി നടത്താനുള്ള അവസരം കൂടുതൽ ആളുകൾക്ക് ഒരുക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്താനും അനധികൃത ട്യൂഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.













































