യാത്രാവിലക്ക്, വിസ പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയാൽ വലഞ്ഞവർക്ക് കൈത്താങ്ങായി പ്രതിമാസ നിയമ സഹായ വേദി.
ദുബായ്: യു.എ.ഇയിലെ വിവിധ നിയമപ്രശ്നങ്ങളിൽ അകപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമേകി ദുബായ് കെ.എം.സി.സി ലീഗൽ സെല്ലിന്റെ പ്രതിമാസ നിയമ അദാലത്ത്. ദുബായ് കെ.എം.സി.സി ഹാളിൽ വെച്ച് സംഘടിപ്പിച്ച അദാലത്തിൽ അറുപതിലധികം പേർക്കാണ് പ്രമുഖ നിയമവിദഗ്ധർ സൗജന്യമായി നിയമോപദേശവും തുടർനടപടികൾക്കുള്ള മാർഗനിർദേശങ്ങളും നൽകിയത്.
യു.എ.ഇയിലെ നിയമരംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള പ്രമുഖ സീനിയർ അഭിഭാഷകരും സാമൂഹ്യപ്രവർത്തകരും അദാലത്തിന്റെ ഭാഗമായി. അർഹരും പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ നിരവധി പേർക്ക് കൃത്യമായ നിയമവഴി കാണിച്ചുകൊടുക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
ദുബായ് കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ അരിമലയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അഡ്വ. അനിൽ കുമാർ, അഡ്വ. അസീസ് തോലേരി, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. നാസിയ, അഡ്വ. റസീന എന്നിവർ പരാതിക്കാരെ നേരിട്ട് കേട്ട് നിയമോപദേശം നൽകി. ലീഗൽ സെൽ ഭാരവാഹികളായ മുഹമ്മദ് ഷെബിൻ, ഷമീർ, സുബൈർ അബ്ദുള്ള എന്നിവർ പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.
വിവിധ സാമ്പത്തിക ബാധ്യതകൾ, സിവിൽ-ക്രിമിനൽ കേസുകൾ എന്നിവയിൽ കുടുങ്ങിയവരായിരുന്നു അദാലത്തിൽ എത്തിയവരിൽ ഭൂരിഭാഗവും. വിസ, എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യാത്രാവിലക്ക് നേരിടുന്ന നിരവധി പേർ സഹായം തേടിയെത്തി. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വഞ്ചനയ്ക്ക് ഇരയായവർ, തൊഴിലുടമകളുടെ ചതി കാരണം രേഖകൾ നഷ്ടപ്പെട്ട് വർഷങ്ങളായി നാട്ടിൽ പോകാനാകാതെ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവർ, കുടുംബ-വൈവാഹിക പ്രശ്നങ്ങളിൽ അകപ്പെട്ടവർ എന്നിവരുടെ പരാതികളും അഭിഭാഷകർ വിശദമായി പരിശോധിച്ചു.
അദാലത്തിലെത്തിയ ഓരോരുത്തരുടെയും പ്രശ്നങ്ങൾ അതീവ ശ്രദ്ധയോടെ കേട്ട അഭിഭാഷകർ, യു.എ.ഇ നിയമപ്രകാരം സ്വീകരിക്കേണ്ട നിയമപരമായ മാർഗ്ഗങ്ങൾ വിശദീകരിച്ചു നൽകി. വൻ തുക നൽകി വക്കീൽമാരെ വെയ്ക്കാൻ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികൾക്ക് ഈ അദാലത്ത് വലിയൊരു അനുഗ്രഹമായി മാറി. പ്രയാസമനുഭവിക്കുന്നവർക്ക് വഴികാട്ടിയാവുക എന്ന കെ.എം.സി.സിയുടെ കാരുണ്യപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി ഈ അദാലത്ത് മാറി.
ലക്ഷ്യബോധത്തോടെയുള്ള നിയമബോധവൽക്കരണ പരിപാടികളുമായും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായും ദുബായ് കെ.എം.സി.സി ലീഗൽ സെൽ തുടർന്നും മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ദുബായ് അബുഹൈൽ മെട്രോ സ്റ്റേഷന് സമീപമുള്ള കെ.എം.സി.സി ഹാളിൽ വെച്ച് മുതിർന്ന അഭിഭാഷകരുടെ പങ്കാളിത്തത്തോടെ അദാലത്ത് തുടരുമെന്ന് ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ അറിയിച്ചു.
ഗൾഫ് മേഖലയിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്കാരിക-കാരുണ്യ സംഘടനകളിലൊന്നാണ് കെ.എം.സി.സി (കേരള മുസ്ലിം കൾച്ചറൽ സെന്റർ). യു.എ.ഇയിലെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ-സിവിൽ നിയമങ്ങളെക്കുറിച്ച് സാധാരണക്കാരായ പ്രവാസികളെ ബോധവാന്മാരാക്കാനും, നിയമക്കുരുക്കുകളിൽ പെടുന്നവർക്ക് സൗജന്യമായി നിയമസഹായം ഉറപ്പാക്കാനും കെ.എം.സി.സി ലീഗൽ സെൽ നിരന്തരം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.















































