സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ നിർദ്ദേശം; ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നയതന്ത്ര നീക്കം ശക്തം
മസ്‌കറ്റ് / വാഷിംഗ്ടൺ :പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ യു.എസ്-ഇറാൻ സംഘർഷത്തിന് താൽക്കാലിക ആശ്വാസമേകി നയതന്ത്ര ചർച്ചകളിൽ നിർണ്ണായക പുരോഗതി. ഒമാന്റെ മധ്യസ്ഥതയിൽ ടെഹ്‌റാനിൽ നടക്കുന്ന സമാധാന ചർച്ചകളിൽ അനുകൂലമായ നിലപാടുകൾ ഉയർന്നുവന്നതിനെ തുടർന്ന് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു.
അന്താരാഷ്ട്ര വിപണിയെയും ആഗോള ഇന്ധന മേഖലയെയും കടുത്ത ആശങ്കയിലാഴ്ത്തിയ സൈനിക നീക്കങ്ങൾക്ക് ശമനമുണ്ടായത് ഗൾഫ് മേഖലയ്ക്കും പ്രവാസി സമൂഹത്തിനും വലിയ ആശ്വാസമാണ് പകരുന്നത്.
ഒമാന്റെ നിർണ്ണായക മധ്യസ്ഥത
ഹോർമൂസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതിനും മേഖലയിലെ നയതന്ത്ര ബന്ധങ്ങൾ വീണ്ടെടുക്കുന്നതിനുമായി ഒമാനിലെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ടെഹ്‌റാനിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ദൗത്യത്തിൽ ഇരുവിഭാഗവും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി വിദേശകാര്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നയതന്ത്ര ചർച്ചകൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടാണ് സൈനിക നടപടികൾ നിർത്തിവെക്കാൻ പൈന്റഗണിന് നിർദ്ദേശം നൽകിയത്.
പൂർണ്ണമായ സമാധാന കരാറിലേക്ക് എത്തുന്നതിന് കൂടുതൽ റൗണ്ട് ചർച്ചകൾ ആവശ്യമാണെങ്കിലും, നിലവിലെ ആക്രമണങ്ങൾ അവസാനിച്ചത് പശ്ചിമേഷ്യയിൽ വീണ്ടും പ്രതീക്ഷയുടെ വെളിച്ചം വീശുന്നു.















