മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിൽ താത്കാലിക സ്റ്റെന്റ് സാങ്കേതികവിദ്യയായ ‘സ്പർ’ ഉപയോഗിച്ച് 71-കാരിയുടെ കാൽപാദം സംരക്ഷിച്ചു
ദുബായ്, യുഎഇ — പ്രമേഹവും അനുബന്ധ രോഗങ്ങളും മൂലം കാൽമുട്ടിന് താഴെയുള്ള രക്തക്കുഴലുകളിൽ ഗുരുതരമായ തടസ്സം നേരിടുന്ന രോഗികൾക്കായി പുതിയ ചികിത്സാരീതി ദുബായിൽ അവതരിപ്പിച്ചു. ശരീരത്തിൽ സ്ഥിരമായി മെറ്റൽ ഇംപ്ലാന്റുകൾ അവശേഷിപ്പിക്കാതെ രക്തയോട്ടം വീണ്ടെടുക്കുന്ന ‘സ്പർ റിട്രീവബിൾ സ്കാഫോൾഡ്’ (SPUR Retrievable Scaffold) സാങ്കേതികവിദ്യയാണ് മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫ വിജയകരമായി നടപ്പാക്കിയത്. ദുബായിൽ ആദ്യമായാണ് ഈ അത്യാധുനിക ശസ്ത്രക്രിയ നടത്തുന്നത്.
പ്രമേഹം മൂലം രക്തയോട്ടം നിലച്ച് കാൽപാദത്തിൽ പഴുപ്പും വ്രണങ്ങളും രൂപപ്പെട്ട്, കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ഘട്ടത്തിലെത്തിയ 71 വയസ്സുള്ള സ്വദേശി വനിതയ്ക്കാണ് ഈ അത്യാധുനിക ചികിത്സ ആദ്യമായി നൽകിയത്. കാൽമുട്ടിന് താഴെ ബ്ലോക്കുകൾ കാരണം അതീവ സങ്കീർണമായ ഇവരുടെ രക്തക്കുഴലുകൾ വിജയകരമായി വികസിപ്പിക്കുകയും തുടർന്ന് സ്പർ ഉപകരണം പൂർണ്ണമായി പുറത്തെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിശോധനകളിൽ കാൽപാദത്തിലേക്കുള്ള രക്തയോട്ടം പഴയപടിയായതായി വ്യക്തമായി. ഇതോടെ രോഗിയുടെ കാൽപാദം മുറിച്ചുമാറ്റലിൽ നിന്ന് സംരക്ഷിക്കാനായി.
മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിലെ വാസ്കുലർ സർജൻ ഡോ. സഹർ അരൂറാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സാധാരണയായി ഇത്തരം രോഗികളിൽ രക്തക്കുഴലുകൾ വികസിപ്പിക്കാൻ ബലൂൺ ആൻജിയോപ്ലാസ്റ്റി നൽകാറുണ്ടെങ്കിലും, ബലൂൺ പിൻവലിച്ചയുടൻ രക്തക്കുഴലുകൾ വീണ്ടും ചുരുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ താത്കാലികമായി രക്തക്കുഴലുകളെ വികസിപ്പിച്ച് നിർത്തുകയും, ആവശ്യമായ വികാസം ഉറപ്പാക്കിയ ശേഷം ഉപകരണം പൂർണ്ണമായി പുറത്തെടുക്കുകയും ചെയ്യുന്നതാണ് സ്പർ സാങ്കേതികവിദ്യ. ശരീരത്തിൽ കൃത്രിമമായി യാതൊരു ലോഹ സാന്നിധ്യവും ബാക്കിനിൽക്കുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

യുഎഇയിൽ പ്രമേഹ രോഗികളുടെ എണ്ണം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ ചികിത്സാരീതി ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ പ്രകാരം യുഎഇയിലെ മുതിർന്ന ജനസംഖ്യയിൽ 20.7 ശതമാനം പേർ പ്രമേഹബാധിതരാണ്. കാൽമുട്ടിന് താഴെയുള്ള രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുന്നതുമൂലം രൂപപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ പലപ്പോഴും കാൽ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്.
രക്തയോട്ടം പുനഃസ്ഥാപിച്ചതുകൊണ്ട് മാത്രം കാൽപാദങ്ങളുടെ സുരക്ഷ പൂർണമാകില്ലെന്നും പ്രമേഹനിയന്ത്രണം, ആന്റിബയോട്ടിക് ചികിത്സ, മുറിവുകളുടെ നിരന്തര പരിചരണം എന്നിവ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ അവയവങ്ങൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ സാധിക്കൂ എന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.










