വ്യവസായ ശാലകളിലും അടുക്കളകളിലും മനുഷ്യർക്കൊപ്പം ജോലി ചെയ്യാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പരിശീലനം നൽകി ചൈനയിലെ ദേശീയ ഗവേഷണ കേന്ദ്രം.
ഹാങ്‌ഷൂ, ചൈന : ലാബുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ പ്രായോഗിക തൊഴിൽ രംഗത്തേക്ക് സജ്ജമാക്കാൻ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ‘റോബോട്ട് വിദ്യാലയം’ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ഹാങ്‌ഷൂവിലാണ് ‘നാഷണൽ പൈലറ്റ് ബേസ് ഫോർ എംബോഡീഡ് എഐ ആപ്ലിക്കേഷൻസ്’ എന്ന പരിശീലന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ സാങ്കേതിക കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും നിർമ്മിച്ച 140-ലധികം ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇവിടെ നിലവിൽ തൊഴിൽ പരിശീലനം നേടുന്നത്. കൃത്രിമമായി സജ്ജീകരിച്ച ഹോട്ടൽ അടുക്കളകൾ, കൽക്കരി ഖനികൾ, വെയർഹൗസുകൾ, കാർഷിക ഫാമുകൾ എന്നിവയുൾപ്പെടെ 40-ഓളം വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളിലാണ് പരിശീലനം.
ഇതുവരെ പ്രദർശനങ്ങളിൽ നൃത്തം ചെയ്യാനും സർക്കസ് കാണിക്കാനും മാത്രമായിരുന്നു റോബോട്ടുകളെ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ യഥാർത്ഥ തൊഴിലിടങ്ങളിലെ സങ്കീർണ്ണമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഇവയ്ക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പരിശീലന കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രത്യേക തരം വസ്ത്രങ്ങളും ഡാറ്റാ ഗ്ലൗസുകളും ധരിച്ച മനുഷ്യ ട്രെയിനർമാർ ചെയ്യുന്ന ചലനങ്ങൾ സെൻസറുകൾ വഴി റോബോട്ടുകളിലേക്ക് പകർത്തി നൽകുകയാണ് ചെയ്യുന്നത്. ഹോട്ടൽ അടുക്കളയായി നിർമ്മിച്ച കേന്ദ്രത്തിൽ ആർഡറുകൾ സ്വീകരിക്കാനും മൂന്ന് മിനിറ്റുകൊണ്ട് ഭക്ഷണം പാകം ചെയ്യാനും പ്ലേറ്റുകളിൽ വിളമ്പാനും റോബോട്ടുകൾ പരിശീലിക്കുന്നു.
ചൈനയിലെ വ്യവസായ വിവര സാങ്കേതിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹാങ്‌ഷൂ നഗരത്തിൽ മാത്രം റോബോട്ടിക്സ് മേഖലയിൽ 700-ലധികം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. പരീക്ഷണം പൂർത്തിയാക്കുന്ന റോബോട്ടുകളെ താമസിയാതെ പൊതുജനങ്ങൾക്ക് മുന്നിലേക്ക് നിയോഗിക്കാനാണ് കമ്പനികളുടെ തീരുമാനം.










