സെപ്റ്റംബറിൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ എഐ നീതിന്യായ പ്ലാറ്റ്‌ഫോമിന് മുന്നോടിയായാണ് നടപടി
അബുദാബി — ക്ലയന്റുകൾക്ക് അഭിഭാഷകരുമായി നേരിട്ട് സംവദിക്കാൻ അംഗീകൃത വിഡിയോ കോൾ സംവിധാനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (ADJD). നീതിന്യായ വ്യവസ്ഥ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
സേവനം ആരംഭിച്ചതോടെ കേസ് ആവശ്യങ്ങൾക്കായി ക്ലയന്റുകൾക്കും വക്കീൽമാർക്കും ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി വിഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്താം. കേസുകളുടെ വിവരങ്ങൾ കൈമാറാനും രേഖകൾ പരിശോധിക്കാനും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡിജിറ്റൽ സംവിധാനം സൗകര്യമൊരുക്കുന്നു.
2026 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യത്തെ സംയോജിത എഐ ജുഡീഷ്യൽ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ അബുദാബി ഭരണകൂടം തയ്യാറെടുക്കുന്നതിനിടെയാണ് ഈ നീക്കം.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും ഗവൺമെന്റ് ഇനാബിൾമെന്റ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് കൃത്രിമബുദ്ധി അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആദ്യ ഘട്ടം ആരംഭിച്ച് 18 മാസത്തിനകം ഘട്ടംഘട്ടമായി പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണപ്രവർത്തനം ഉറപ്പാക്കാനാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് കൗൺസിലർ യൂസഫ് സഈദ് അൽ ആബ്രി അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
കേസ് നടപടികൾ വേഗത്തിലാക്കാനും ഐഡന്റിറ്റി പരിശോധന സുരക്ഷിതമാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. എഐ സാങ്കേതികവിദ്യ കേസ് പഠനത്തിനും വിവരശേഖരണത്തിനും സഹായിക്കുമെങ്കിലും അന്തിമ വിധികൾ പ്രസ്താവിക്കാനുള്ള പൂർണ്ണ ചുമതല ജഡ്ജിമാർക്കായിരിക്കും.
യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഡിജിറ്റൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്പിലൂടെയും ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാണ്.










