വിദേശിയായ രോഗിയിൽ വിജയകരമായി വൃക്ക മാറ്റിവെച്ചു; കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി പ്രത്യേക സെന്റർ പ്രവർത്തനം ആരംഭിച്ചു.
ഷാർജ, യു.എ.ഇ:യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽ ആദ്യമായി സ്വകാര്യ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ. വിദേശത്തുനിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിയ രോഗിയിലാണ് ജീവനുള്ള ദാതാവിൽ നിന്നുള്ള വൃക്ക വിജയകരമായി മാറ്റിവെച്ചത്. ഇതോടെ ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക അവയവമാറ്റ ചികിത്സാ കേന്ദ്രത്തിന്റെ (Organ Transplant Centre) പ്രവർത്തനങ്ങൾക്കും ഔദ്യോഗിക തുടക്കമായി.
ദാതാവിൽ നിന്ന് വൃക്ക വേർതിരിച്ചെടുക്കുന്ന ശസ്ത്രക്രിയ (Donor Nephrectomy) അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർവ്വഹിച്ചത്. വലിയ മുറിവുകളില്ലാതെ കുറഞ്ഞ സമയം കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കാനും ദാതാവിന്റെ രോഗമുക്തി വേഗത്തിലാക്കാനും റോബോട്ടിക് രീതി സഹായിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാന്മാരായ ദാതാവും സ്വീകർത്താവും ആശുപത്രി വിട്ടു. ഇരുവരും നിലവിൽ വിശ്രമത്തിലും കൃത്യമായ തുടർപരിശോധനകളിലുമാണ്.
ട്രാന്സ്പ്ലാന്റ് സർജന്മാരായ ഡോ. ഗൗരവ് സെൻ, ഡോ. ജോൺസ് ഷാജി മാത്യു, നെഫ്രോളജിസ്റ്റ് ഡോ. ഇഷ്തിയാഖ് അഹമ്മദ്, അനസ്തെറ്റിസ്റ്റ് ഡോ. ജോർജ്ജ് ജേക്കബ് മലയിൽ എന്നിവരടങ്ങിയ മൾട്ടിഡിസിപ്ലിനറി മെഡിക്കൽ ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. യു.എ.ഇ, യുകെ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തിലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി പരിചയസമ്പത്തുള്ള വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്.
യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെയും (MOHAP) ഷാർജ ഹെൽത്ത് അതോറിറ്റിയുടെയും (SHA) കർശനമായ മാനദണ്ഡങ്ങളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
ആഗോളതലത്തിലുള്ള രോഗികൾക്ക് സങ്കീർണ്ണമായ തൃതീയ-ചതുർത്ഥ തല (Tertiary and Quaternary) ചികിത്സകൾ ലഭ്യമാക്കുകയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നും അവർ അറിയിച്ചു.
യു.എ.ഇയുടെ വികസിത ആരോഗ്യമേഖലയിലുള്ള ആഗോള വിശ്വാസ്യതയാണ് വിദേശത്തുനിന്നുള്ള രോഗികൾ ചികിത്സയ്ക്കായി ഇവിടെയെത്തുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മെഡ്കെയർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷനില ലൈജു പറഞ്ഞു.










