13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചെന്ന കേസിലാണ് നീതിന്യായ വകുപ്പുമായി ധാരണയായത്
വാഷിങ്ടൺ:കുട്ടികളുടെ ഓൺലൈൻ സ്വകാര്യത ലംഘിച്ചെന്ന കേസിൽ യുഎസ് നീതിന്യായ വകുപ്പുമായി (ഡിഒജെ) 400 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3,350 കോടി രൂപ) ഒത്തുതീർപ്പിന് ധാരണയായി ടിക് ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേസ്.
2024 ഓഗസ്റ്റിൽ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ ശുപാർശയെ തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി. 300 ദശലക്ഷം ഡോളർ ടിക് ടോക് ഉടനടി അടയ്ക്കും. മുൻപ് ടിക് ടോക് ഏറ്റെടുത്ത മ്യൂസിക്കലി (Musical.ly) എന്ന ആപ്പുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ ഒഴിവാക്കുന്ന മുറയ്ക്ക് ബാക്കി 100 ദശലക്ഷം ഡോളർ കൈമാറും.
യുഎസ് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പ്രകാരമുള്ള നിയമങ്ങൾ ലംഘിച്ച് ടിക് ടോക് കുട്ടികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കാൻ അനുവദിച്ചെന്നും അവരുടെ ഡാറ്റ ശേഖരിച്ചെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ ആവശ്യങ്ങൾ കമ്പനി അവഗണിച്ചതായും പരാതിയിലുണ്ടായിരുന്നു.
അമേരിക്കൻ കുട്ടികളുടെയും മാതാപിതാക്കളുടെയും അവകാശ സംരക്ഷണത്തിൽ നിർണായകമായ തീരുമാനമാണിതെന്ന് യുഎസ് അസോസിയേറ്റ് അറ്റോർണി ജനറൽ സ്റ്റാൻലി ഇ. വുഡ്‌വാർഡ് ജൂനിയർ വ്യക്തമാക്കി. കേസിനുശേഷം ടിക് ടോക് തങ്ങളുടെ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. ഓറക്കിൾ, സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായ എംജിഎക്സ് എന്നിവയുടെ പങ്കാളിത്തത്തോടെ യുഎസിലെ പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസംവിധാനം ടിക് ടോക് രൂപീകരിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പരിശോധന ശക്തമാകുന്നതിനിടെയാണ് പുതിയ ഒത്തുതീർപ്പ്. സമാനമായ നിയമലംഘനങ്ങളുടെ പേരിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയും യുഎസിൽ വിചാരണ നേരിടുന്നുണ്ട്. കേസിൽ കുറ്റം സ്ഥാപിക്കപ്പെടാതെയാണ് ധാരണയിലെത്തിയതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.










