ഒക്ടോബർ സൈബർ സുരക്ഷാ മാസത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോർക്കുന്നു; കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കും മുൻഗണന
ദുബായ്, ഒക്ടോബർ 1, 2026 : നിർമ്മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള ആധുനിക തട്ടിപ്പുകളിൽ നിന്നും സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, യുഎഇ ആഭ്യന്തര മന്ത്രാലയം ദുബായ് പൊലീസുമായും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററുമായും ചേർന്ന് വിപുലമായ ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ചു.
ഒക്ടോബർ മാസത്തെ ആഗോള സൈബർ സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് “നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ യുഎഇ സുരക്ഷിതം” (UAE is Safe With Your Digital Awareness) എന്ന പേരിൽ ദേശീയതല കാമ്പയിൻ പ്രഖ്യാപിച്ചത്. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ഉന്നത പൊലീസ്-സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങളിലൂടെ ഒരാൾ പോലും കബളിപ്പിക്കപ്പെടാത്ത (‘സീറോ വിക്റ്റിംസ്’) സുരക്ഷിത ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്‌രി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം വ്യാജ സന്ദേശങ്ങളും എഐ ടൂളുകളും ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ കൈക്കലാക്കാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് കാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികൾ പ്രതിദിനം ഏഴ് മണിക്കൂറിലധികം ടാബ്‌ലെറ്റുകളിലും മൊബൈൽ ഫോണുകളിലും ചെലവഴിക്കുന്ന സാഹചര്യത്തിൽ, ഓൺലൈൻ കെണികളിൽ വീഴാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ഹിമായ ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുൽറഹ്മാൻ ഷറഫ് അൽ മഅ്മരി ഓർമ്മിപ്പിച്ചു. മുൻ ഘട്ടങ്ങളിൽ 1.1 കോടി ആളുകളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ മാസം സ്കൂളുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങൾക്കും തുല്യ പങ്കാളിത്തമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ കേണൽ ഡോ. എൻജിനീയർ ഇബ്രാഹിം ഹുമൈദ് അൽ മയാഹി ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും സംശയാസ്പദമായ നീക്കങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി റിപ്പോർട്ട് ചെയ്യുന്നതിലൂടെയും തട്ടിപ്പുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










