മോസ്കോ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ഷാർജ ബുക്ക് അതോറിറ്റിയും റഷ്യൻ ഡയറക്ടറേറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു; സാംസ്കാരിക വിനിമയവും പ്രസാധനാവകാശ കൈമാറ്റവും വേഗത്തിലാകും
മോസ്കോ, സെപ്റ്റംബർ 14, 2026 : അറബിക്, റഷ്യൻ ഭാഷകളിലുള്ള സാഹിത്യസൃഷ്ടികളുടെ വിവർത്തനവും പ്രസാധനാവകാശ വിനിമയവും ശക്തിപ്പെടുത്തുന്നതിനായി ഷാർജ ബുക്ക് അതോറിറ്റിയും റഷ്യൻ ‘ഡയറക്ടറേറ്റ് ഓഫ് ഇന്റർനാഷണൽ ബുക്ക് എക്സിബിഷൻസ് ആൻഡ് ഫെയേഴ്സും’ തമ്മിൽ തന്ത്രപ്രധാന കരാർ ഒപ്പുവെച്ചു.

മോസ്കോ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഷാർജ ബുക്ക് അതോറിറ്റി ഫെയേഴ്സ് ആൻഡ് ഫെസ്റ്റിവൽസ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനിയും റഷ്യൻ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ എലീന ഗ്രെബെനെവയുമാണ് കരാറിൽ ഒപ്പുവെച്ചത്.
പുസ്തകോത്സവങ്ങളിലെ പങ്കാളിത്തം എന്നതിനപ്പുറം, ഇരു രാജ്യങ്ങളിലെയും പ്രസാധകർക്കും എഴുത്തുകാർക്കും വർഷം മുഴുവൻ പ്രയോജനപ്പെടുന്ന സുസ്ഥിരമായൊരു സാംസ്കാരിക വിപണി ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. യുഎഇയിൽ നിന്നുള്ള പ്രസാധകർക്കും അറബ് എഴുത്തുകാർക്കും റഷ്യൻ സാഹിത്യ വിപണിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്നതിനൊപ്പം, റഷ്യൻ പ്രസാധകർക്ക് ഷാർജ വഴി മിഡിൽ ഈസ്റ്റേൺ മേഖലയിലേക്ക് എളുപ്പത്തിൽ കടന്നുവരാനും കരാർ വഴിയൊരുക്കും.

ലോകത്തെ വിവിധ സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി അറിവിനെയും പുസ്തകങ്ങളെയും മാറ്റുകയെന്ന ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് ഇത്തരം പങ്കാളിത്തങ്ങളിലൂടെ നടപ്പിലാകുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി വ്യക്തമാക്കി. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗ്ഗനിർദേശങ്ങൾക്കനുസൃതമായി പ്രസാധകർക്കും വായനക്കാർക്കും ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ മോസ്കോ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ആദ്യത്തെ അറബ് ‘ഗസ്റ്റ് ഓഫ് ഓണർ’ പദവി ഷാർജക്ക് ലഭിച്ചിരുന്നു. അന്ന് അമ്പത്തിയൊൻപതോളം പ്രമുഖ അറബ്-എമിറാത്തി കൃതികൾ റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കിയിരുന്നു.
പ്രതിവർഷം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (എസ്ഐബിഎഫ്) റഷ്യൻ പ്രസാധകരുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും സാന്നിധ്യം വർധിപ്പിക്കാനും, റഷ്യയിൽ നടക്കുന്ന പ്രമുഖ സാഹിത്യമേളകളിൽ അറബ് പ്രസാധകർക്ക് വിപുലമായ ഇടം ഒരുക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇരുഭാഷകളിലേക്കുമുള്ള നേരിട്ടുള്ള പുസ്തക വിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പകർപ്പവകാശ ക്രയവിക്രയങ്ങൾക്കുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാനും പുതിയ കൂട്ടായ്മ സഹായിക്കും.










