32-കാരിയായ ഡോ. അഫീന റഹീം അൽ ഖാസിമിയയിലെ ഫ്ലാറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ഷാർജ, സെപ്റ്റംബർ 16 : ഷാർജയിലെ അൽ ഖാസിമിയയിൽ ഫ്ലാറ്റിലെ അടുക്കളയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മലയാളി ദന്തഡോക്ടറായ യുവതി മരിച്ചു. രണ്ടു ചെറിയ കുട്ടികളുടെ മാതാവായ കോഴിക്കോട് സ്വദേശി ഡോ. അഫീന റഹീം (32) ആണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി മരണപ്പെട്ടത്.
കുട്ടികളുടെ പരിചരണത്തിനായി ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്ത് യുഎഇയിൽ ഭർത്താവിനൊപ്പം കഴിഞ്ഞുവരികയായിരുന്നു ഡോ. അഫീന. ഭർത്താവ് യാസർ ടി അധ്യാപകനായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ യാസർ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം.
യാസറിന്റെ സഹോദരി റംഷീനയും മകനും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. രാവിലെ മകനെ സ്കൂളിൽ അയച്ച ശേഷം റംഷീന കിടന്നുറങ്ങുകയായിരുന്നു. രാവിലെ ഒൻപതു മണിയോടെ അഫീനയുടെ ഇളയ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് റംഷീന ഉണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ അബോധാവസ്ഥയിൽ വീണുകിടക്കുന്ന അഫീനയെ കണ്ടത്.
ഉടൻതന്നെ സിപിആർ നൽകാൻ ശ്രമിക്കുകയും അത്യാഹിത വിഭാഗം ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ മുൻകാല രോഗങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരൻ ഹക്കീം വിവരമറിഞ്ഞ് ഷാർജയിലെത്തിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്ക് ശേഷമേ വ്യക്തമാകൂ.
പൊലീസ് നടപടിക്രമങ്ങളും മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും.










