ചരിത്ര പൈതൃക സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും അംഗീകാരം; ഷൂറൂഖിന്റെ രണ്ടു പ്രധാന പദ്ധതികൾക്ക് നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ.
ഷാർജ, സെപ്റ്റംബർ 14, 2026 : പരിസ്ഥിതി സംരക്ഷണവും പൈതൃക ടൂറിസവും മുൻനിർത്തി ഷാർജ നടപ്പാക്കിയ സുപ്രധാന പദ്ധതികൾക്ക് ആഗോള അംഗീകാരം. 2026-ലെ വേൾഡ് ട്രാവൽ അവാർഡ്സിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും മികച്ച ദേശീയ പാർക്കായി മലീഹ നാഷണൽ പാർക്കും മികച്ച ബോട്ടിക് റിസോർട്ടായി ഷാർജയിലെ ‘ദ ചേദി അൽ ബൈത്തും’ തിരഞ്ഞെടുക്കപ്പെട്ടു.
ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷൂറൂഖ്) വികസിപ്പിച്ചെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വേൾഡ് ട്രാവൽ അവാർഡ്സിന്റെ ഈ വർഷത്തെ പട്ടികയിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് യുഎഇയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട ഏക കേന്ദ്രമായ മലീഹ നാഷണൽ പാർക്ക് ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് നാഷണൽ പാർക്ക് 2026’ പട്ടം നേടിയത്.
പൈതൃക ആതിഥേയത്വ രംഗത്ത് പ്രവർത്തിക്കുന്ന ‘ദ ചേദി അൽ ബൈത്ത്’ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബോട്ടിക് റിസോർട്ട് പുരസ്കാരവും ഷാർജയിലെ മികച്ച റിസോർട്ട് പുരസ്കാരവും നേടി. റിസോർട്ടിലെ ആഡംബര താമസ വിഭാഗമായ ‘ചേദി ഗ്രാൻഡ് സ്യൂട്ട്’ തുടർച്ചയായ ഏഴാം വർഷവും ഷാർജയിലെ ഏറ്റവും മികച്ച ഹോട്ടൽ സ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ഓരോ പ്രദേശത്തിന്റെയും സ്വാഭാവികമായ ചരിത്രവും ഭൂപ്രകൃതിയും തനിമ ചോരാതെ നിലനിർത്തിക്കൊണ്ടുള്ള വികസന മാതൃകയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് ഷൂറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ വ്യക്തമാക്കി. ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോഴും ഷാർജയുടെ സാംസ്കാരിക വ്യക്തിത്വം നിലനിർത്താനാണ് ഷൂറൂഖ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുനെസ്കോയുടെ പൈതൃക പട്ടികയിലുൾപ്പെട്ട ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ ഭാഗമാണ് പുരസ്കാരം നേടിയ മലീഹ നാഷണൽ പാർക്ക്. 2,10,000-ലധികം വർഷത്തെ മനുഷ്യവാസ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള മലീഹയിൽ പുരാവസ്തു ഗവേഷണങ്ങൾക്കും മരുഭൂമി പര്യവേക്ഷണങ്ങൾക്കും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കുമുള്ള വിപുലമായ സൗകര്യങ്ങളാണ് ഷൂറൂഖ് ഒരുക്കിയിട്ടുള്ളത്. മുൻപ് 2019-ലും 2020-ലും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുസ്ഥിര ടൂറിസം സംരംഭത്തിനുള്ള വേൾഡ് ട്രാവൽ പുരസ്കാരവും മലീഹ നേടിയിരുന്നു.


ചരിത്രപ്രസിദ്ധമായ ‘ഹാർട്ട് ഓഫ് ഷാർജ’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് 65 മുറികളുള്ള ദ ചേദി അൽ ബൈത്ത് റിസോർട്ട്. നൂറിലധികം വർഷം പഴക്കമുള്ളതും പരമ്പരാഗത എമിറാത്തി ശൈലിയിലുള്ളതുമായ അഞ്ച് ചരിത്ര ഭവനങ്ങളെ അവയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ പുനരുദ്ധരിച്ചാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഹോട്ടലാക്കി മാറ്റിയത്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മിദ്ഫയുടെ വസതി ഇതിലൊന്നാണ്. ഈ വസതിയിൽ ഷാർജയുടെ ചരിത്രവും വികാസവും രേഖപ്പെടുത്തുന്ന മ്യൂസിയവും ലൈബ്രറിയും ഇപ്പോഴും സന്ദർശകർക്കായി തുറന്നുനൽകിയിട്ടുണ്ട്.
തുടർച്ചയായ നാലാം വർഷമാണ് (2023, 2024, 2025, 2026) ദ ചേദി അൽ ബൈത്ത് ഷാർജയിലെ മികച്ച റിസോർട്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. 2020 മുതൽ ഷാർജയിലെ മുൻനിര സ്യൂട്ടെന്ന പദവി ചേദി ഗ്രാൻഡ് സ്യൂട്ടും കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. വിനോദസഞ്ചാര, വ്യോമയാന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 1993 മുതലാണ് അന്താരാഷ്ട്ര തലത്തിൽ വേൾഡ് ട്രാവൽ അവാർഡുകൾ നൽകിവരുന്നത്.










