ഇക്കോവാഡിസ് സ്വർണ മെഡൽ സ്വന്തമാക്കി യുഎഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനി; സുസ്ഥിരതാ റിപ്പോർട്ട് പുറത്തുവിട്ടു.
ദുബായ്, സെപ്റ്റംബർ 18, 2026 : തങ്ങളുടെ ഉത്പന്ന ശേഖരത്തിന്റെ 96 ശതമാനവും പൂർണമായും പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റി യുഎഇ ആസ്ഥാനമായുള്ള പ്രമുഖ പാക്കേജിംഗ് നിർമ്മാതാക്കളായ ഹോട്ട്പാക്ക് ഗ്ലോബൽ.
കമ്പനിയുടെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ടായ ‘അവർ ഇംപാക്ട്, അവർ ഫ്യൂച്ചർ’ (Our Impact. Our Future) വഴിയാണ് ഈ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യാവസായിക സുസ്ഥിരത അളക്കുന്ന പ്രമുഖ ആഗോള ഏജൻസിയായ ഇക്കോവാഡിസിന്റെ (EcoVadis) ഗോൾഡ് മെഡൽ അംഗീകാരവും ഇതോടൊപ്പം ഹോട്ട്പാക്കിന് ലഭിച്ചു. ആഗോളതലത്തിൽ പരിശോധിക്കപ്പെട്ട കമ്പനികളിൽ ആദ്യ അഞ്ച് ശതമാനത്തിൽ ഇടംപിടിച്ചാണ് ഹോട്ട്പാക്ക് ഈ നേട്ടം കൈവരിച്ചത്. 100-ൽ 80 പോയിന്റുകൾ നേടിയാണ് കമ്പനി സ്വർണ മെഡൽ സ്വന്തമാക്കിയത്.
പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ-തൊഴിൽ മാനദണ്ഡങ്ങൾ, ബിസിനസ് എത്തിക്സ്, സുസ്ഥിര സംഭരണം തുടങ്ങിയ മേഖലകളിലെ മികവാണ് കമ്പനിയെ ഉയർന്ന റാങ്കിംഗിലേക്ക് നയിച്ചത്.
സുസ്ഥിരമായ മാറ്റം എന്നത് ഹോട്ട്പാക്കിന്റെ ഓരോ പ്രവർത്തനത്തിലും സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്ന ഒന്നാണെന്ന് ഹോട്ട്പാക്ക് സ്ഥാപകനും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പി.ബി വ്യക്തമാക്കി. “ഞങ്ങളുടെ ഉത്പന്നങ്ങളിൽ 96 ശതമാനവും പരിസ്ഥിതി സൗഹൃദമായി മാറി എന്നത് ബിസിനസിന്റെ കൃത്യമായ ദിശാബോധമാണ് വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾക്ക് പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന നൂതന ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ റിപ്പോർട്ടിംഗ് ഇനിഷ്യേറ്റീവ് (GRI) മാനദണ്ഡങ്ങൾ അനുസരിച്ചാണ് 2025-ലെ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാധാരണ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഹോട്ട്പാക്കിന്റെ റീസൈക്കിൾഡ് പി.ഇ.ടി (r-PET) ഉത്പന്നങ്ങൾ കാർബൺ ബഹിർഗമനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവ് വരുത്തിയതായി ഗ്രൂപ്പ് ചീഫ് ടെക്നോളജി ഓഫീസർ അൻവർ പി.ബി ചൂണ്ടിക്കാട്ടി. ബയോഡീഗ്രേഡബിൾ, സസ്യാധിഷ്ഠിത പാക്കേജിംഗ് സംവിധാനങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നതായും അദ്ദേഹം അറിയിച്ചു.
തൊഴിലിടങ്ങളിലെ സുരക്ഷയിലും മാതൃകാപരമായ നേട്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. 33 രാജ്യങ്ങളിൽ നിന്നുള്ള 4,500-ലധികം ജീവനക്കാരുള്ള ഹോട്ട്പാക്കിൽ കഴിഞ്ഞ വർഷം തൊഴിലിട അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാർക്ക് പ്രതിവർഷം ശരാശരി 78 മണിക്കൂർ നൈപുണ്യ-സുരക്ഷാ പരിശീലനം നൽകിയതായി ഗ്രൂപ്പ് സി.ഒ.ഒ സൈനുദ്ദീൻ പി.ബി വ്യക്തമാക്കി.
നിലവിൽ 17 രാജ്യങ്ങളിലായി 25 നിർമ്മാണ കേന്ദ്രങ്ങൾ ഹോട്ട്പാക്കിനുണ്ട്. 100-ലധികം രാജ്യങ്ങളിലേക്ക് നാലായിരത്തിലധികം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. റമദാൻ മാസത്തിൽ 60,000 ഇഫ്താർ ഭക്ഷണ വിതരണവും കണ്ടൽക്കാടുകളുടെ സംരക്ഷണവും ഉൾപ്പെടെയുള്ള വിപുലമായ സാമൂഹിക ക്ഷേമ പദ്ധതികളും കഴിഞ്ഞ വർഷം കമ്പനി വിജയകരമായി പൂർത്തിയാക്കി.










