45-ാമത് എസ്.ഐ.ബി.എഫിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 12-ാമത് പതിപ്പ്; സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 10.
ഷാർജ : ഷാർജ — ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന 45-ാമത് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് (എസ്.ഐ.ബി.എഫ്) പ്രസിദ്ധീകരിക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിന്റെ 12-ാമത് പതിപ്പിലേക്ക് പ്രവാസി എഴുത്തുകാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും രചനകൾ ക്ഷണിച്ചു.
നവംബർ 4 മുതൽ 15 വരെയാണ് ഇത്തവണത്തെ പുസ്തകോത്സവം അരങ്ങേറുന്നത്. മേളയിലെത്തുന്ന വായനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ‘ബുക്കിഷ്’ തുടർച്ചയായ പന്ത്രണ്ടാം വർഷമാണ് അച്ചടിയിലെത്തുന്നത്.
മിനിക്കഥകൾ, ലഘുകവിതകൾ, വ്യക്തിഗത അനുഭവക്കുറിപ്പുകൾ, ഓർമക്കുറിപ്പുകൾ എന്നിവയാണ് ബുള്ളറ്റിനിലേക്ക് പരിഗണിക്കുന്നത്. സൃഷ്ടികൾ തികച്ചും മൗലികമായിരിക്കണമെന്ന് പത്രാധിപ സമിതി അറിയിച്ചു. എഴുത്തുകാരുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബർ 10-നകം bookishsibf@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.
സ്‌കൂൾ വിദ്യാർഥികളുടെ സൃഷ്ടികൾക്കായി ‘ബുക്കിഷ് കുട്ടിക്കോർണർ’ എന്ന പേരിൽ പ്രത്യേക ഇടം മാറ്റി വെച്ചിട്ടുണ്ട്. മേളയിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തിന്റെ കവർ ചിത്രവും ലഘുവിവരണവും ബുള്ളറ്റിനിലേക്ക് അയക്കാം.
പ്രത്യേക പാനൽ പരിശോധിച്ച ശേഷമായിരിക്കും പ്രസിദ്ധീകരണ യോഗ്യമായ രചനകൾ തെരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്കായി 050 414 6105, 052 979 1510, 050 301 6585, 056 737 1376 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










