മൃഗങ്ങൾ മനുഷ്യരെ മെരുക്കുന്ന വിപരീത സർക്കസ് കാഴ്ചകളുമായി ജാനിൻ ജാഗിയും മാർട്ടിൻ സാസെയും അവതരിപ്പിക്കുന്ന ‘ദി കറൗസൽ റോയൽസ്’ മേളയിലെ സന്ദർശകരെ ആകർഷിക്കുന്നു.
ഷാർജ, യു.എ.ഇ — നാൽപ്പത്തിയഞ്ചാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (SIBF 2026) സന്ദർശകർക്ക് കൗതുകവും ആവേശവും പകർന്ന് പത്തടി ഉയരമുള്ള ജർമൻ പൊയ്ക്കാൽ (സ്റ്റിൽറ്റ് വാക്കിങ്) കലാകാരന്മാർ. ജർമനി ആസ്ഥാനമായുള്ള പെർഫോമൻസ് ഗ്രൂപ്പിന്റെ സ്ഥാപകരായ ജാനിൻ ജാഗി, മാർട്ടിൻ സാസെ എന്നിവരാണ് ‘ദി കറൗസൽ റോയൽസ്’ എന്ന പുതിയ അവതരണവുമായി എക്സ്പോ സെന്ററിലെ ഹാളുകളിൽ എത്തിയത്.
വർണാഭമായ മേക്കപ്പും സർക്കസ് പ്രമേയത്തിലുള്ള ആകർഷകമായ വസ്ത്രങ്ങളും അണിഞ്ഞെത്തിയ ഇരുവരും സന്ദർശകരുമായി നേരിട്ട് സംവദിച്ചാണ് മുന്നേറിയത്. കൈയിലുള്ള ഹൂലാ ഹൂപ്പിലൂടെ ചാടാൻ മാർട്ടിൻ സാസെ സന്ദർശകരെ ക്ഷണിച്ചപ്പോൾ, സാധാരണ സർക്കസ് രീതികളെ തലകീഴായി മാറ്റുന്ന ചെറുരൂപങ്ങൾ ആലേഖനം ചെയ്ത മണി ആകൃതിയിലുള്ള വസ്ത്രമായിരുന്നു ജാനിൻ ജാഗി ധരിച്ചിരുന്നത്.


തൊപ്പിക്കുള്ളിൽ നിന്ന് മനുഷ്യനെ പുറത്തെടുത്ത് ട്രപ്പീസിൽ ആടുന്ന മുയൽ, പരിശീലകനെ മെരുക്കുന്ന സിംഹം, സ്വന്തം വീട്ടിലേക്കുള്ള മടക്കം പ്രഖ്യാപിക്കുന്ന ആന എന്നിങ്ങനെയുള്ള വ്യത്യസ്ത ചിത്രങ്ങളാണ് ജാഗിയുടെ വസ്ത്രത്തിൽ ഒരുക്കിയിരുന്നത്. മനുഷ്യർ കാഴ്ചവസ്തുക്കളായാൽ സർക്കസ് എങ്ങനെയായിരിക്കുമെന്ന വിപരീത യാഥാർഥ്യമാണ് തങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് മാർട്ടിൻ സാസെ പറഞ്ഞു. കാണികളുമായി വളരെ കുറഞ്ഞ സമയം മാത്രമാണ് ഇടപഴകാൻ ലഭിക്കുന്നതെന്നും, തങ്ങളെ കാണുമ്പോൾ സന്ദർശകരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ആശ്ചര്യവുമാണ് ഏറെ സന്തോഷം നൽകുന്നതെന്നും ജാനിൻ ജാഗി വ്യക്തമാക്കി.
പുസ്തകമേളയുടെ വിവിധ ഹാളുകളിലും ലോബികളിലും സന്ദർശകരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം റോമിങ് തിയേറ്റർ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. ‘കഥകളാൽ നിർമ്മിതം’ (Made of Stories) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാൻ സുൽത്താനേറ്റാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക-കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നു.










