റെന്റ് വർധന തർക്കങ്ങളിൽ കുടിശ്ശിക ആരോപണങ്ങളിൽനിന്ന് ഒഴിവാകാൻ റെന്റൽ ഡിസ്പ്യൂട്ട് സെന്റർ വഴി പണം കെട്ടിവെക്കാം; നടപടിക്രമങ്ങൾ അറിയാം
ദുബായ്, സെപ്റ്റംബർ 23, 2026 : ദുബായിൽ വാടക വർധനവിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ കെട്ടിട ഉടമകൾ വാടക ചെക്കുകൾ സ്വീകരിക്കാൻ വിസമ്മതിച്ചാൽ, വാടകക്കാർക്ക് നിയമപരമായ സുരക്ഷയൊരുക്കി ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്ററിന്റെ (ആർ.ഡി.സി) ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’ (Offer and Deposit) സംവിധാനം.
ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള റെഗുലേറ്ററി അതോറിറ്റിയായ റെറയുടെ (RERA) വാടക സൂചിക നിഷ്കർഷിക്കുന്നതിലും ഉയർന്ന തുക ചില ഉടമകൾ ആവശ്യപ്പെടുമ്പോഴാണ് ഇത്തരം തർക്കങ്ങൾ ഉടലെടുക്കുന്നത്. മുൻ കരാറിലെ തുക നൽകാൻ താമസക്കാരൻ തയ്യാറാകുമ്പോഴും, ഉയർന്ന വാടക ലഭിക്കാതെ ചെക്കുകൾ വാങ്ങാൻ ഉടമ വിസമ്മതിക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ദുബായ് വാടക നിയമപ്രകാരം വാടക നൽകാതിരിക്കുന്നത് കുടിയൊഴിപ്പിക്കലിന് (Eviction) വരെ കാരണമാകാം എന്നതിനാൽ, വാടകക്കാർ പലപ്പോഴും വലിയ ആശങ്കയിലാകുന്നു.
ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ജുഡീഷ്യൽ വിഭാഗമായ ആർ.ഡി.സി. ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’ അഥവാ പണം കോടതിയിൽ നേരിട്ട് കെട്ടിവെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഈ അപേക്ഷ നൽകുന്നതിലൂടെ പ്രധാന കരാർ തർക്കത്തിൽ ഉടൻ തീർപ്പുകൽപ്പിക്കപ്പെടുന്നില്ലെങ്കിലും, വാടക നൽകുന്നതിൽ താമസക്കാരൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കാൻ സാധിക്കുമെന്ന് അമാൽ അൽറഷീദി ലോയേഴ്സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് ഡോ. ഹസ്സൻ എൽഹൈസ് ചൂണ്ടിക്കാട്ടുന്നു. വാടക നൽകാൻ തയ്യാറാണെന്ന് കോടതി വഴി തെളിയിക്കാനും, കരാർ റദ്ദാക്കി മുറിയൊഴിയുമ്പോൾ ഉടമ താക്കോൽ വാങ്ങാൻ വിസമ്മതിക്കുന്ന സന്ദർഭങ്ങളിൽ അത് കോടതിയെ ഏൽപ്പിക്കാനും ഈ സംവിധാനം ഉപയോഗിക്കാം.
പഴയ നിരക്കിലുള്ള വാടക ആർ.ഡി.സിയിൽ അടച്ചതുകൊണ്ടുമാത്രം ഉടമ ആവശ്യപ്പെട്ട വർധനവ് തെറ്റാണെന്നോ, വാടകക്കാരന് അനുകൂലമായി നിലവിലെ നിബന്ധനകളിൽ തന്നെ കരാർ പുതുക്കി നൽകുമെന്നോ ഉറപ്പാകുന്നില്ല. മറിച്ച്, കുടിശ്ശികക്കാരനാക്കി മാറ്റി വാടകക്കാരനെ ഉടൻ ഒഴിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപരമായ കവചം മാത്രമാണിത്. പ്രധാന തർക്കത്തിൽ തുടർന്നും ഇരുവിഭാഗത്തിനും അനുരഞ്ജന സമിതി വഴിയോ നിയമനടപടികൾ വഴിയോ മുന്നോട്ടുപോകാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
ആർ.ഡി.സിയുടെ ഔദ്യോഗിക പോർട്ടലായ rdc.gov.ae വഴിയോ അംഗീകൃത റിയൽ എസ്റ്റേറ്റ് സർവീസസ് ട്രസ്റ്റി കേന്ദ്രങ്ങൾ വഴിയോ ഇതിനായി അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
- അറബിക് ഭാഷയിലുള്ള ഓഫർ ആൻഡ് ഡെപ്പോസിറ്റ് അപേക്ഷ
- എമിറേറ്റ്സ് ഐഡി
- നിലവിലുള്ള ഇജാറി (Ejari) വാടക കരാറിന്റെ പകർപ്പ്
- നിലവിലെ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള പുതിയ കരാർ ഫോറം
- ഉടമയുടെ പേരിൽ എഴുതിയ ചെക്കുകൾ, വാടക നിരസിച്ചതായി വ്യക്തമാക്കുന്ന ഇമെയിൽ അല്ലെങ്കിൽ മെസേജ് രേഖകൾ
- കമ്പനികളുടെ പേരിലുള്ളതാണെങ്കിൽ ട്രേഡ് ലൈസൻസും മാനേജറുടെ രേഖകളും
അറബിക് അല്ലാത്ത രേഖകൾ അംഗീകൃത നിയമ പരിഭാഷ സഹിതം സമർപ്പിക്കണം. വാടക നൽകാൻ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങളോ ഇമെയിലുകളോ നിർണായക തെളിവുകളായി കരുതണം.
ഫീസ് വിവരങ്ങൾ:
വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുമ്പോൾ ആകെ 70 ദിർഹമാണ് ഫീസ് (50 ദിർഹം അപേക്ഷാ ഫീസ്, 10 ദിർഹം നോളജ് ഫീ, 10 ദിർഹം ഇന്നൊവേഷൻ ഫീ). ട്രസ്റ്റി കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ നൽകുന്നതെങ്കിൽ 130 ദിർഹം സർവീസ് ചാർജും വാറ്റും (VAT) അധികമായി നൽകേണ്ടിവരും.
അപേക്ഷ ജഡ്ജി പരിശോധിച്ച് ഉത്തരവിട്ട ശേഷം വാടകത്തുകയോ ചെക്കോ ആർ.ഡി.സി ട്രഷറിയിൽ സുരക്ഷിതമായി നിക്ഷേപിക്കാം. കോടതി ഔദ്യോഗികമായി തന്നെ വിവരം ഉടമയെ അറിയിക്കും. ജഡ്ജി അപേക്ഷ അംഗീകരിക്കുന്ന തീയതി മുതൽ വാടക നൽകിയതായി നിയമപരമായി രേഖപ്പെടുത്തപ്പെടും. പിന്നീട് ഉടമയ്ക്ക് ആർ.ഡി.സി നടപടിക്രമങ്ങളിലൂടെ ഈ തുക കൈപ്പറ്റാവുന്നതാണ്.
വാടക തർക്കം നിലനിൽക്കുന്നു എന്ന കാരണത്താൽ പണം നൽകാതിരിക്കാൻ അനുവാദമില്ലെന്നും, കാലാവധി എത്തുമ്പോൾ ഓരോ ഗഡുവും നിശ്ചിത സമയത്തുതന്നെ കെട്ടിവെക്കാൻ വാടകക്കാർ ബാധ്യസ്ഥരാണെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു.










