നാല് പുതിയ പാലങ്ങളും രണ്ട് തുരങ്കങ്ങളുമടങ്ങുന്ന പദ്ധതി പൂർത്തിയായതായി ആർ.ടി.എ; 2030-ഓടെ നാലര ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കും
ദുബായ്: സെപ്റ്റംബർ 20, 2026 : കേന്ദ്ര ദുബായിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം പകർന്ന് ഔദ് മേത്ത റോഡ് – അൽ അസായൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പദ്ധതി യാഥാർഥ്യമായതോടെ ഈ പാതകളിലെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും അഞ്ച് മിനിറ്റായി ചുരുങ്ങി.
നാല് പ്രധാന ജങ്ഷനുകളുടെ നവീകരണം, 4,300 മീറ്റർ നീളത്തിലുള്ള നാല് മേൽപ്പാലങ്ങളും രണ്ട് അണ്ടർപാസുകളും, 14 കിലോമീറ്റർ റോഡ് വികസനവും ഉൾപ്പെടുന്നതാണ് പദ്ധതി. നിർമ്മാണം പൂർത്തിയായതോടെ ഔദ് മേത്ത സ്ട്രീറ്റിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗത ശേഷി മണിക്കൂറിൽ 10,400 വാഹനങ്ങളിൽ നിന്ന് 15,600 ആയി ഉയർന്നു. 50 ശതമാനത്തിന്റെ വർധനവാണ് റോഡിന്റെ ശേഷിയിൽ ഉണ്ടായത്.



സഅബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ തുടങ്ങിയ പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഈ മേഖലകളിലെ ജനസംഖ്യ 2030-ഓടെ 4.2 ലക്ഷം കവിയുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ്ബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇതോടെ സുഗമമാകും.
നഗരത്തിന്റെ ജനസംഖ്യാ വർധനവും ഭാവി വികസനവും മുൻകൂട്ടി കണ്ടുള്ള സമഗ്ര നവീകരണ പദ്ധതിയുടെ ഭാഗമാണിതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. പ്രധാന പാതകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷ വർധിപ്പിക്കാനും പദ്ധതി വഴി സാധിച്ചതായി അദ്ദേഹം പറഞ്ഞു.
നാല് പ്രധാന ഇന്റർസെക്ഷനുകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്:
- ഔദ് മേത്ത – ശൈഖ് റാഷിദ് റോഡ് ജങ്ഷൻ: ഔദ് മേത്തയിൽ നിന്ന് ഗർഹൂദ് പാലം ലക്ഷ്യമാക്കി ശൈഖ് റാഷിദ് റോഡിലേക്ക് തിരിയുന്ന റാംപിൽ ഒരു വരി അധികമായി നിർമ്മിച്ചു. ഇതുവഴി മണിക്കൂറിൽ 1,800 വാഹനങ്ങൾക്ക് കടന്നുപോകാം. ശൈഖ് റാഷിദ് റോഡിൽ നിന്ന് ദുബായ്-അൽ ഐൻ റോഡിലേക്ക് തിരിയുന്ന വരികൾ മൂന്നാക്കി ഉയർത്തിയതോടെ ശേഷി മണിക്കൂറിൽ 4,000 ആയി. ബർ ദുബായിലേക്ക് പോകുന്ന വാഹനങ്ങൾക്കായി സർവീസ് റോഡിൽ പ്രത്യേക തുരങ്കപ്പാതയും തുറന്നു.
- അൽ അസായൽ സ്ട്രീറ്റ് – അൽ വസൽ ക്ലബ് ജങ്ഷൻ: അൽ അസായൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിനെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾ നിർമ്മിച്ചു. അൽ അസായലിൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 2,400 വാഹനങ്ങൾക്കും, അൽ ഖൈൽ റോഡിൽ നിന്നുള്ള മൂന്ന് വരി പാലത്തിലൂടെ 3,600 വാഹനങ്ങൾക്കും സഞ്ചരിക്കാം. ഔദ് മേത്തയിലേക്ക് തിരിയാൻ മണിക്കൂറിൽ 2,400 വാഹന ശേഷിയുള്ള മറ്റൊരു പാലവും തുറന്നു.
- അൽ വസൽ ക്ലബ്ബ് – അൽ ഖൈൽ റോഡ് ബന്ധിപ്പിക്കൽ: ബിസിനസ് ബേ ക്രോസിങ് ലക്ഷ്യമാക്കി പോകുന്ന വാഹനങ്ങൾക്കായി മണിക്കൂറിൽ 3,000 വാഹന ശേഷിയുള്ള രണ്ട് വരി മേൽപ്പാലം തുറന്നു. അൽ വസൽ ക്ലബ്ബിലേക്കുള്ള പ്രവേശന കവാടങ്ങളും സർവീസ് റോഡുകളും വിപുലീകരിച്ച് പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
- സഅബീൽ പാലസ് സ്ട്രീറ്റ് ജങ്ഷൻ: അൽ ഖൈൽ റോഡിൽ നിന്ന് ദുബായ്-അൽ ഐൻ റോഡിലേക്ക് പോകുന്ന റാംപിന്റെ ശേഷി ഇരട്ടിയാക്കി (1,800). ദുബായ്-അൽ ഐൻ റോഡിൽ നിന്ന് ഔദ് മേത്ത സർവീസ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ മണിക്കൂറിൽ 1,200 വാഹന ശേഷിയുള്ള തുരങ്കം സജ്ജമാക്കി. അൽ ഖൈൽ റോഡിൽ നിന്ന് ഔദ് മേത്തയിലേക്കുള്ള മേൽപ്പാലം മൂന്ന് വരിയാക്കി വികസിപ്പിക്കുകയും ചെയ്തു.
ബിസിനസ് ബേ ക്രോസിങ്, അൽ ഖൈൽ റോഡ്, ബർ ദുബായ് തുടങ്ങിയ പ്രധാന ഇടനാഴികളിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പുതിയ സംവിധാനങ്ങൾ സഹായിക്കും.










