ഷാർജ : എഴുത്തുകാരനും അധ്യാപകനുമായ കെ രഘുനന്ദനന്റെ (രഘു മാഷ് ) ‘മറവിയുടെ മേൽവിലാസം’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത വയലാർ അവാർഡ് ജേതാവും എഴുത്തുകാരിയുമായ ആർ. രാജശ്രീ, കവിയും നോവലിസ്റ്റുമായ സോമൻ കടലൂരിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഓർമ്മ, അനുഭവം, വായന എന്നീ വിഭാഗങ്ങളിലെ കുറിപ്പുകൾ അടങ്ങിയ പുസ്തകം എഴുത്തുകാരി ഗീതാഞ്ജലി സദസ്സിന് പരിചയപ്പെടുത്തി. പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ പി.കെ.അനിൽകുമാർ, എഴുത്തുകാരായ രോഷ്നി സ്വപ്ന, സുഭാഷ് ദാസ് എന്നിവർ ആശംസകൾ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദനനു സമ്മാനിച്ചു.










