നിക്കോളാസ് ജിമെനെസിന് ഇരട്ട ഗോൾ; ജിദ്ദയിൽ ആധിപത്യം ഉറപ്പിച്ച് യുഎഇ ഗ്രൂപ്പ് ബിയിൽ മുന്നിൽ
ജിദ്ദ, സൗദി അറേബ്യ : ഇരുപത്തിയേഴാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് സ്വപ്നതുടക്കം. വ്യാഴാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് യുഎഇ യെമനെ തകർത്തുവിട്ടു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎഇക്ക് വേണ്ടി മധ്യനിര താരം നിക്കോളാസ് ജിമെനെസ് രണ്ട് തവണ വലകുലുക്കി. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ യെമൻ പ്രതിരോധത്തെ വിറപ്പിച്ച യുഎഇ, ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡുമായി മത്സരം വരുതിയിലാക്കിയിരുന്നു.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ നിക്കോളാസ് ജിമെനെസിലൂടെയാണ് യുഎഇ ഗോൾവേട്ട ആരംഭിച്ചത്. ബോക്സിനുള്ളിൽ നിന്ന് താരം തൊടുത്ത കൃത്യതയാർന്ന ഷോട്ട് യെമൻ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. പത്ത് മിനിറ്റുകൾക്കകം യുഎഇ ലീഡ് ഇരട്ടിയാക്കി. മാർക്കസ് മെലോനി ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ യെമൻ പ്രതിരോധ താരം നാദിർ സഹലിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ തന്നെ കയറുകയായിരുന്നു (36′).
ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ലുവാൻ പെരേര യുഎഇയുടെ മൂന്നാം ഗോളും നേടി. അതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള യെമന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയേറ്റു.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ യുഎഇ തങ്ങളുടെ നാലാമത്തെ ഗോളും കണ്ടെത്തി. 52-ാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് നിക്കോളാസ് ജിമെനെസ് വ്യക്തിഗത നേട്ടം രണ്ടാക്കി ഉയർത്തി. തുടർന്ന് ലീഡ് ഉയർത്താൻ സാധിച്ചില്ലെങ്കിലും വ്യക്തമായ പന്ത് നിയന്ത്രണത്തോടെ മത്സരം പൂർത്തിയാക്കാൻ യുഎഇക്കായി.
വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റും മികച്ച ഗോൾ വ്യത്യാസവുമായി യുഎഇ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ യുഎഇ ബഹ്‌റൈനെ നേരിടും.









