ദുബായ്: ഗതാഗത രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ച് ആഭ്യന്തര യാത്രകൾക്കു വേഗക്കുതിപ്പുമായി എയർ ടാക്സി സർവീസ് വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. റോഡ് മാർഗം 45 മിനിറ്റ് എടുക്കുന്ന യാത്രകൾ പറക്കും ടാക്സിയിൽ 10 മിനിറ്റിനകം എത്തും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 10 മിനിറ്റിനകം പാം ജുമൈറയിലെത്താം. വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും എളുപ്പം നഗരത്തിലേക്ക് എത്താൻ സേവനം വഴിയൊരുക്കും. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേന്റെ ജോബി എസ്-4 ഇലക്ട്രിക് വിമാനമാണ് സേവനത്തിനു ഉപയോഗിക്കുക. ഇതിൽ പൈലറ്റ് ഉൾപ്പെടെ 5 പേർക്കു സഞ്ചരിക്കാം.
320 കി.മീ വേഗത്തിൽ ലക്ഷ്യത്തിലേക്ക് പറന്നിറങ്ങാം.∙ 4 സ്റ്റേഷനുകൾ ആദ്യ ഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ ദുബായ്, ദുബായ് മറീന, പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയൽ ഹോട്ടലിന് സമീപം എന്നീ കേന്ദ്രങ്ങളിലേക്കാകും സേവനമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും.∙ പരിസ്ഥിതി സൗഹൃദം പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ എയർ ടാക്സിക്ക് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾ കുറവായിരിക്കും. യാത്രക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എയർ ടാക്സി ബുക്ക് ചെയ്യാം. ദുബായുടെ പൊതുഗതാഗത ശൃംഖലയുമായി എയർ ടാക്സിയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.










