ഷാർജ നോബിൾ ഖുർആൻ ആൻഡ് സുന്ന എസ്റ്റാബ്ലിഷ്‌മെന്റിന്റെ മൂന്നാമത് ‘ഹാഫിസ് അൽ ഖുർആൻ’ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഷാർജ —വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കി നിശ്ചിത മാനദണ്ഡങ്ങളോടെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ 85 വിദ്യാർഥികളെ ഷാർജ നോബിൾ ഖുർആൻ ആൻഡ് സുന്ന എസ്റ്റാബ്ലിഷ്‌മെന്റ് ആദരിച്ചു.
ഷാർജ ഹോളി ഖുർആൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ മൂന്നാമത് ‘ഹാഫിസ് അൽ ഖുർആൻ’ പുരസ്കാരങ്ങളാണ് വിദ്യാർഥികൾക്ക് സമ്മാനിച്ചത്. 2025-ൽ ഖുർആൻ മനഃപാഠമാക്കൽ പൂർത്തിയാക്കുകയും ഔദ്യോഗിക പരീക്ഷകളിൽ വിജയിക്കുകയും ചെയ്ത പഠിതാക്കളെയാണ് വാർഷിക പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
യുഎഇ ദേശീയ ഗാനത്തോടെയും ഖുർആൻ പാരായണത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ മത്തർ ബിൻ ദൽമൂക്ക്, ഡയറക്ടർ ഉമർ അൽ ശംസി, ഭരണസമിതി അംഗം ആയിഷ അൽ ഹുവൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം. യുവതലമുറയിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിനും ഖുർആൻ പഠനരംഗം വിപുലീകരിക്കുന്നതിനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നൽകുന്ന നിരന്തര പിന്തുണയെ ബിൻ ദൽമൂക്ക് ചടങ്ങിൽ അനുസ്മരിച്ചു.
ഷാർജയിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർആൻ പഠന കേന്ദ്രങ്ങളിൽ നിലവിൽ 36,000-ത്തിലധികം വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്. എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേൽനോട്ടത്തിലുള്ള സ്വകാര്യ കേന്ദ്രങ്ങളിലും സ്കൂളുകളിലുമായി പതിനെണ്ണായിരത്തിലേറെ വിദ്യാർഥികളും പഠിക്കുന്നുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം 715 വിദ്യാർഥികളാണ് ഇവിടെ ഖുർആൻ പൂർണമായി മനഃപാഠമാക്കിയത്. ഇതിൽ 329 പേർ കഠിനമായ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കറ്റ് നേടി. വിവിധ ക്ലാസുകളിലായി ആകെ 45,000-ത്തോളം ജുസുഉകൾ (അധ്യായ ഭാഗങ്ങൾ) ഇക്കാലയളവിൽ വിദ്യാർഥികൾ മനഃപാഠമാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഖുർആൻ പാരായണത്തിലും മനഃപാഠമാക്കലിലും കൃത്യത ഉറപ്പാക്കാനും പുതുതലമുറയെ ഇത്തരം പഠനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് വാർഷിക പുരസ്കാര ചടങ്ങ് തുടർച്ചയായി സംഘടിപ്പിച്ചു വരുന്നത്.










