പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംബന്ധിച്ച യുഎൻ ഉന്നതതല യോഗത്തിൽ യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി; 2028-2030 യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വത്തിനുള്ള രാജ്യത്തിന്റെ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചു.
ജനീവ — ഒക്ടോബർ 2, 2026: ലോകത്തെ ഓരോ പെൺകുട്ടിക്കും കുറഞ്ഞത് 12 വർഷത്തെ സുരക്ഷിതവും സമഗ്രവുമായ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി. ജനീവയിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 63-ാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്. യുഎഇ, യുണൈറ്റഡ് കിങ്ഡം എന്നിവയുടെ യുഎൻ മിഷനുകൾ സംയുക്തമായി ആതിഥേയത്വം വഹിച്ച ചർച്ചയിൽ ഡൊമിനിക്കൻ റിപ്പബ്ലിക്, ഗാംബിയ എന്നീ രാജ്യങ്ങളും പങ്കാളികളായി. ആഗോളതലത്തിൽ പ്രതിസന്ധികൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഒരു പെൺകുട്ടിയും വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളപ്പെടരുതെന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടുവെച്ചത്.
വിദ്യാഭ്യാസം എന്നത് വെറുമൊരു സർട്ടിഫിക്കറ്റ് നേടൽ മാത്രമല്ലെന്ന് സാറ അൽ അമീരി വ്യക്തമാക്കി. “നമ്മുടെ ലക്ഷ്യം വ്യക്തമായിരിക്കണം. എല്ലാ പെൺകുട്ടികൾക്കും കുറഞ്ഞത് 12 വർഷത്തെ സുരക്ഷിതവും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുകയും അത് അവർ വിജയകരമായി പൂർത്തിയാക്കുകയും വേണം. ഒരു ബിരുദം നൽകുന്നതിനപ്പുറം, സ്വന്തം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അറിവും കഴിവും ആത്മവിശ്വാസവും പെൺകുട്ടികൾക്ക് പകർന്നുനൽകാൻ വിദ്യാഭ്യാസത്തിന് സാധിക്കണം,” അവർ ചൂണ്ടിക്കാട്ടി.
2028-2030 കാലയളവിലേക്കുള്ള യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വത്തിനായി യുഎഇ രംഗത്തുണ്ടെന്ന വിവരവും മന്ത്രി പ്രസംഗത്തിൽ സ്ഥിരീകരിച്ചു. ഇതിനുമുമ്പ് മൂന്ന് തവണ കൗൺസിലിൽ അംഗമായിരുന്ന പാരമ്പര്യം യുഎഇയ്ക്കുണ്ട്. ഈ പരിചയസമ്പത്ത് അന്താരാഷ്ട്ര തലത്തിൽ മാനുഷിക മൂല്യങ്ങളും തുല്യനീതിയും സംരക്ഷിക്കുന്നതിന് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
യുഎൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് അവ ദാബോ, ജനീവയിലെ യുകെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ കുമാർ അയ്യർ എന്നിവരും ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെയാണെന്ന് ഇരുവരും മുന്നറിയിപ്പ് നൽകി.
യുണിസെഫ് (UNICEF), യുഎൻ വിമൻ (UN Women), യുനെസ്കോയുടെ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എജ്യുക്കേഷൻ (UNESCO-IBE) എന്നിവയുടെ പ്രതിനിധികൾ അടിയന്തര സാഹചര്യങ്ങളിലെ വിദ്യാഭ്യാസം, ലിംഗസമത്വം, ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പിന്നാക്കാവസ്ഥ എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ഫോർ പീസ് അംബാസഡർ ഡേവിഡ് പുയാന മോഡറേറ്ററായ ചർച്ചയിൽ മലാവിയെ പ്രതിനിധീകരിച്ചെത്തിയ യുവ വക്താവും യുഎഇയിൽ നിന്നുള്ള യുവ ശാസ്ത്രജ്ഞ മറിയം അൽ ഗഫ്രിയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
2014-ൽ യുഎൻ കൗൺസിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശ പ്രമേയം അംഗീകരിച്ചതിനു ശേഷം കൈവരിച്ച പുരോഗതിയും നിലവിലെ പോരായ്മകളും യോഗം വിലയിരുത്തി. കേവല വാഗ്ദാനങ്ങൾക്കപ്പുറം ഗ്രാമീണ മേഖലകളിൽ അടക്കം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും, പെൺകുട്ടികൾക്ക് ആധുനിക തൊഴിൽ നൈപുണ്യങ്ങൾ ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം യോജിച്ചു പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.










