എക്സ്പോ സെന്റർ ഷാർജയിലെ 58-ാമത് പതിപ്പിൽ വിറ്റുവരവ് ഉയർത്തി റീട്ടെയിൽ ഉപഭോക്താക്കളും നിക്ഷേപകരും
ഷാർജ, ഒക്ടോബർ 2, 2026 : രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഷാർജ വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന്റെ 58-ാമത് പതിപ്പിൽ സന്ദർശകരുടെ വൻ തിരക്കും റെക്കോർഡ് വ്യാപാരവും. വിപണിയിലെ സമീപകാല സ്വർണവിലക്കുറവും വിപുലീകരിച്ച പവലിയനുകളും ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുന്നതായി എക്സ്പോ സെന്റർ ഷാർജ അധികൃതരും വ്യാപാരികളും വ്യക്തമാക്കി.
മേഖലയിലെ പ്രമുഖ സ്വർണ-ആഭരണ നിർമാതാക്കൾ അണിനിരക്കുന്ന മേളയിൽ ആദ്യ ദിനങ്ങൾ മുതൽ തന്നെ റീട്ടെയിൽ, ഹോൾസെയിൽ തലങ്ങളിൽ ശക്തമായ ഇടപാടുകളാണ് നടക്കുന്നത്. വിവാഹ വിപണിയും ഉത്സവ സീസണും മുന്നിൽക്കണ്ട് എത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും നിക്ഷേപ ലക്ഷ്യത്തോടെയുള്ള സ്വർണക്കട്ടികളും സ്വന്തമാക്കാൻ മേളയിലെത്തുന്നുണ്ട്.
വിപണിയിലെ അനുകൂല സാഹചര്യത്തിനൊപ്പം പ്രത്യേക കളക്ഷനുകൾ ഒരുക്കിയാണ് പ്രമുഖ ബ്രാൻഡുകൾ ഇത്തവണ മേളയിലെത്തിയത്. വലിയ മുന്നൊരുക്കങ്ങളോടെയാണ് പ്രദർശനത്തിൽ പങ്കെടുത്തതെന്നും നിലവിലെ സ്വർണവിലയിലെ കുറവ് വാങ്ങൽ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് ദൈബാൻ പറഞ്ഞു. മേളയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ശേഖരങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പങ്കെടുക്കുന്ന കമ്പനികൾക്കായി കൂടുതൽ പ്രദർശന ഇടം ലഭ്യമാക്കുന്ന രീതിയിലാണ് എക്സ്പോ സെന്റർ ഷാർജ ഇത്തവണത്തെ പവലിയനുകൾ ക്രമീകരിച്ചിരിക്കുന്നത്. മേളയിലെ തങ്ങളുടെ ഏഴാമത്തെ പങ്കാളിത്തമാണിതെന്നും വിപുലീകരിച്ച ഇടങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായി ഉൽപ്പന്നങ്ങൾ കാണാനും തിരഞ്ഞെടുക്കാനും സൗകര്യമൊരുക്കുന്നുണ്ടെന്നും അൽ അബാദി ജ്വല്ലറി ജനറൽ മാനേജർ മുഹമ്മദ് അൽ അബാദി ചൂണ്ടിക്കാട്ടി.
മേളയുടെ മുഖ്യ സ്പോൺസർമാരായ സേലം അൽ ഷുഐബി ജ്വല്ലറി ഒന്നര ലക്ഷത്തോളം ആഭരണങ്ങളാണ് തങ്ങളുടെ കൂറ്റൻ പവലിയനിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. പ്രദർശനത്തിന്റെ ആദ്യ പതിപ്പ് മുതൽ ഇതുവരെയുള്ള 58 എഡിഷനുകളിലും തങ്ങൾ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് കമ്പനി ഡെപ്യൂട്ടി സിഇഒ അഹമ്മദ് അനീസാൻ പറഞ്ഞു. വൈവിധ്യമാർന്ന ഡിസൈനുകളും ഉയർന്ന സംഘാടന മികവും മുൻവർഷങ്ങളേക്കാൾ കൂടുതൽ ഇടപാടുകാരെ ആകർഷിക്കാൻ സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പവലിയനുകളും വിദേശ ബ്രാൻഡുകളും അണിനിരക്കുന്ന പ്രദർശനം വരും ദിവസങ്ങളിലും തുടരും.










