ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് ആർടിഎ ഒരുക്കുന്ന പ്രഥമ രാജ്യാന്തര ഇലക്ട്രിക് വാഹന പ്രദർശനത്തിൽ 300-ലേറെ ആഗോള കമ്പനികൾ അണിനിരക്കും.
ദുബായ്, ഒക്ടോബർ 4, 2026 : സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളിലേക്കുള്ള ആഗോള മാറ്റത്തിന് വേഗം കൂട്ടാൻ ലക്ഷ്യമിട്ട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര ഇലക്ട്രിക് വാഹന എക്സിബിഷനും കോൺഫറൻസും (ഇവി വേൾഡ് 2026) നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്നു ദിവസത്തെ ഉച്ചകോടി അരങ്ങേറുന്നത്. “സ്മാർട്ടും സുസ്ഥിരവുമായ മൊബിലിറ്റി ഭാവിയെ നയിക്കുക” (Driving a Smart and Sustainable Mobility Future) എന്നതാണ് പ്രമേയം. ലോകമെമ്പാടുമുള്ള 300-ലധികം മുൻനിര കമ്പനികളും 70 പ്രമുഖ പ്രഭാഷകരും പതിനായിരത്തിലധികം വിദഗ്ധരും വ്യവസായ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.


ബാറ്ററി സാങ്കേതികവിദ്യ, അതിവേഗ ചാർജിങ് സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വയംനിയന്ത്രിത സംവിധാനങ്ങൾ എന്നിവ മുൻനിർത്തി വലിയൊരു കുതിപ്പാണ് ലോക ഗതാഗത മേഖലയിൽ സംഭവിക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. ആധുനിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം സുസ്ഥിര സാങ്കേതികവിദ്യകൾ യാഥാർഥ്യമാക്കാൻ ദുബായ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 2050-ഓടെ പൊതുഗതാഗത ശൃംഖലയെ കാർബൺ വിമുക്തമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സംവിധാനമാണ് ദുബായ് ആർടിഎ.
ഇലക്ട്രിക്, ഹൈഡ്രജൻ വാഹന സാങ്കേതികവിദ്യകളിൽ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഇലക്ട്രിക് വെഹിക്കിൾ അലയൻസായ ‘ചൈന ഇവി 100’ (China EV100) ചെയർമാൻ ഡോ. ഷാങ് യോങ്‌വെയുമായി മത്താർ അൽ തായർ ദുബായിൽ ചർച്ച നടത്തി. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും തമ്മിൽ പങ്കാളിത്ത കരാറിലും ഒപ്പുവെച്ചു. പരിപാടിയുടെ മുന്നോടിയായി ചൈന, ജർമനി, ബെൽജിയം, ഇന്ത്യ എന്നിവിടങ്ങളിൽ ആർടിഎ ഉന്നതതല റോഡ്ഷോകളും പൂർത്തിയാക്കിയിരുന്നു.


ബാറ്ററി മാനേജ്‌മെന്റ്, ഗ്രീൻ എനർജി, ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ, ഡ്രോണുകൾ, സ്വയംനിയന്ത്രിത യാത്രാസംവിധാനങ്ങൾ എന്നിവയിലെ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശനത്തിൽ നേരിട്ട് കാണാം. ദുബായ് ഇക്കണോമിക് അജണ്ട (D33), യുഎഇ നെറ്റ് സീറോ 2050 എന്നിവയുമായി ചേർന്നാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
ദുബായിലെ ടാക്സി, ലിമോസിൻ വാഹന വ്യൂഹത്തിൽ ഹൈബ്രിഡ് മോഡലുകൾ നിലവിൽ 72 ശതമാനത്തിലധികമായി ഉയർന്നതായി അധികൃതർ വ്യക്തമാക്കി. കൂടാതെ ഇലക്ട്രിക് കാറുകൾ 19 ശതമാനത്തിലെത്തി നിശ്ചയിച്ച ലക്ഷ്യവും മറികടന്നു. 2040-ഓടെ ടാക്സി സർവീസുകൾ പൂർണമായും ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റും.
പ്രദേശത്തെ ഉയർന്ന ചൂട് അതിജീവിക്കാൻ പര്യാപ്തമായ നൂതന ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടങ്ങൾ ആർടിഎ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിങ് ഡിപ്പോകളും ഇതിനായി തയ്യാറാക്കുന്നു. ദുബായ് ക്രീക്കിലും ദുബായ് വാട്ടർ കനാലിലും സർവീസ് നടത്തുന്ന പരമ്പരാഗത അബ്രകളിലും ഫെറികളിലും ശബ്ദമലിനീകരണമില്ലാത്ത ഇലക്ട്രിക്-ഹൈഡ്രജൻ മോട്ടോറുകൾ ഘടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.










