ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ശൈഖ് ഹംദാൻ നിർമ്മാണ പുരോഗതി വിലയിരുത്തി; റെയിൽവേ അറ്റകുറ്റപ്പണികളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കും
ദുബായ്: ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 30 ശതമാനം പൂർത്തിയായതായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 2029 സെപ്റ്റംബർ 9-ന് ബ്ലൂ ലൈൻ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നേരിട്ടെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ശൈഖ് ഹംദാൻ ഇക്കാര്യം വ്യക്തമാക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.
നിലവിൽ 14,000 തൊഴിലാളികളും എൻജിനീയർമാരും സൂപ്പർവൈസർമാരുമാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഇതുവരെ 3.3 കോടി പ്രവൃത്തി മണിക്കൂറുകൾ പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു.
സന്ദർശനത്തിനിടെ പുതിയ ദുബായ് മെട്രോ ട്രെയിനുകളുടെ നൂതന രൂപകൽപ്പന, ആധുനിക ഇന്റീരിയറുകൾ, ബ്ലൂ ലൈൻ സ്റ്റേഷനുകളുടെ അകത്തള രൂപകൽപ്പന എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ശൈഖ് ഹംദാൻ വിലയിരുത്തി.
റെയിൽവേ പരിശോധനയിലും അറ്റകുറ്റപ്പണികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തുന്നതിനുള്ള റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) പദ്ധതികളും സന്ദർശനത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി CASCO Signal-മായി സഹകരിച്ച് പുതിയ ഗവേഷണ-വികസന കേന്ദ്രം (R&D) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ റെയിൽവേ മേഖലയിലെ ഗവേഷണ-സാങ്കേതിക വികസനത്തിന് ഈ കേന്ദ്രം വലിയ മുതൽക്കൂട്ടാകും.










