സ്റ്റാർ വാല്യുവിനേക്കാൾ പ്രാധാന്യം ശക്തമായ തിരക്കഥയ്ക്കെന്ന് ദേശീയ പുരസ്കാര ജേതാവ്; ‘സിനിമാറ്റിക്ക വിത്ത് വിസി’ ശിൽപശാല ശ്രദ്ധേയമായി.
അജ്മാൻ — വൻ താരനിരയോ ഭീമൻ ബജറ്റോ അല്ല, മറിച്ച് വ്യത്യസ്തമായ പ്രമേയങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോഗവുമാണ് സമകാലിക മലയാള സിനിമയുടെ വിജയരഹസ്യമെന്ന് ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ വി.സി. അഭിലാഷ് വ്യക്തമാക്കി. പുതിയ തലമുറ സിനിമയെ സമീപിക്കേണ്ടത് കൃത്യമായ മുന്നൊരുക്കങ്ങളോടെയായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി) സാഹിത്യ വിഭാഗം, മെട്രോപൊളിറ്റൻ റിക്രിയേഷൻ ക്ലബ്ബിന്റെയും ഷാജു വാലപ്പന്റെയും സഹകരണത്തോടെ കോസ്മോപോളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച ‘സിനിമാറ്റിക്ക വിത്ത് വിസി’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പരമ്പരാഗത നിർമാണ രീതികളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. ആധുനിക ഡിജിറ്റൽ ക്യാമറകളും നൂതന പോസ്റ്റ് പ്രൊഡക്ഷൻ സങ്കേതങ്ങളും വലിയ പണച്ചെലവില്ലാതെ തന്നെ മികച്ച ദൃശ്യാനുഭവം ഒരുക്കാൻ പുതിയ സംവിധായകർക്ക് സഹായകമാകുന്നുണ്ട്. എന്നാൽ, സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ചിട്ടയായ പഠനം ആവശ്യമാണ്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി മലയാള സിനിമയ്ക്ക് ഇന്ന് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഏത് ദേശത്തുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന സാർവത്രികമായ ആശയങ്ങൾ തിരഞ്ഞെടുക്കാൻ എഴുത്തുകാർ ശ്രദ്ധിക്കണം. ചിത്രീകരണത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള കൃത്യമായ ആസൂത്രണം, പിച്ച്ടെക് നിർമാണം, സ്റ്റോറിബോർഡിങ് എന്നിവ നിർമാണച്ചെലവ് ഗണ്യമായി കുറയ്ക്കാനും സിനിമയുടെ ഗുണമേന്മ വർധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.സി അജ്മാൻ പ്രസിഡന്റ് ഗിരീശൻ കട്ടാമ്പിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ കാലടി, വൈസ് പ്രസിഡന്റ് പ്രേം കുമാർ, ജോയിന്റ് ട്രഷറർ അസീസ്, സാഹിത്യ വിഭാഗം കൺവീനർ സുരേഷ് കൃഷ്ണ, കലാവിഭാഗം കൺവീനർ കെ.വി. ഷാജി, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, എഴുത്തുകാരൻ ജോയ് ഡാനിയൽ, ജിതിൻ രാജ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിപിനേന്ദ്ര കുമാർ, സുരേന്ദ്രൻ, ഋതു ഋതുഘേഷ്, ഒലിവിയ, അഭിനവ്, ഷാനി അബ്ദു, അർഷാദ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വി.സി. അഭിലാഷ് സംവിധാനം ചെയ്ത ‘സബാഷ് ചന്ദ്രബോസ്’ എന്ന ചിത്രം അജ്മാൻ സോഷ്യൽ സെന്ററിൽ പ്രദർശിപ്പിച്ചു.










