ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സുരക്ഷയിലും മികച്ച രക്ഷാകർതൃത്വത്തിലും പാരന്റ്സ് കൗൺസിൽ പ്രതിനിധികൾക്ക് വിദഗ്ധ പരിശീലനം.
ഷാർജ, ഒക്ടോബർ 8, 2026 : കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ (സി.എസ്.ഒ) നടപ്പാക്കുന്ന ‘അഹ്ൽ അൽ അഥർ’ പദ്ധതിയുടെ ആദ്യഘട്ട പരിശീലനം പൂർത്തിയായി.
ഷാർജ സിറ്റി, സെൻട്രൽ, ഈസ്റ്റേൺ മേഖലകളിലെ പാരന്റ്സ് കൗൺസിലുകളിൽ നിന്ന് തിരഞ്ഞെടുത്ത 15 പ്രതിനിധികളെ ബോധവത്കരണ അംബാസഡർമാരായി സജ്ജമാക്കുന്നതാണ് പദ്ധതി. ‘അവബോധം മാറ്റം സൃഷ്ടിക്കുന്നു’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന സംരംഭത്തിന്റെ ഭാഗമായി സെപ്റ്റംബറിൽ നാല് സുപ്രധാന വിഷയങ്ങളിലാണ് ശിൽപശാലകൾ സംഘടിപ്പിച്ചത്.
കുട്ടികളുമായുള്ള ആശയവിനിമയം, മാധ്യമ ഇടപെടലുകൾ, ഫോണുകളിലും ഇന്റർനെറ്റ് ഉപകരണങ്ങളിലും പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ ക്രമീകരിക്കൽ, വിഡിയോ ഗെയിമുകളുടെയും സിനിമകളുടെയും പ്രായപരിധി മാനദണ്ഡങ്ങൾ മനസ്സിലാക്കൽ എന്നിവയിലായിരുന്നു സെപ്റ്റംബറിലെ പരിശീലനം.
യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA), യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, ഷാർജ മീഡിയ അക്കാദമി എന്നിവയുമായി സഹകരിച്ചാണ് സെഷനുകൾ നടത്തിയത്.



കുട്ടികളുടെ വ്യക്തിത്വവും സുരക്ഷിതത്വബോധവും രൂപപ്പെടുന്ന ആദ്യ ഇടം കുടുംബമാണെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ നഹ്ല അൽ സാദി വ്യക്തമാക്കി. അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് കുട്ടികളുമായി പോസിറ്റീവായ സംഭാഷണങ്ങൾ നടത്താൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. സ്വന്തം വീടുകളിൽ ഒതുങ്ങാതെ സമൂഹത്തിലേക്ക് കൂടി ഈ അറിവുകൾ പകർന്നുനൽകാൻ പ്രതിനിധികൾക്ക് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്മാർട്ട് ഉപകരണങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും പൊതുവേദികളിൽ ബോധവത്കരണ സന്ദേശങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നതിലും പ്രതിനിധികൾക്ക് പ്രായോഗിക പരിശീലനം ലഭിച്ചു.
നവംബർ വരെ നീളുന്ന ഏഴ് ഘട്ടങ്ങളുള്ള വിജ്ഞാന വികസന പാതയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒക്ടോബറിൽ മാനസികാരോഗ്യം, കുടുംബക്ഷേമം എന്നിവയിലൂന്നിയുള്ള ക്ലാസുകൾ നടക്കും. നവംബറിൽ സർഗാത്മക ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണവും സൈബർ സെക്യൂരിറ്റി കൗൺസിലുമായി ചേർന്നുള്ള പ്രത്യേക പരിശീലനവും നൽകും.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിസ്ട്രിക്റ്റ് അഫയേഴ്‌സിന് കീഴിലുള്ള പാരന്റ്സ് കൗൺസിലുകളുമായി കൈകോർത്താണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ഡിജിറ്റൽ സുരക്ഷ, പോസിറ്റീവ് പാരന്റിങ്, മാനസിക പിന്തുണ, സംരക്ഷണം, സാമൂഹിക മൂല്യങ്ങൾ, ഉത്തരവാദിത്തത്തോടെയുള്ള മാധ്യമ ഉപയോഗം എന്നീ ആറ് മേഖലകളിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള തുടർ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ശക്തമായ സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം.










