ഡാറ്റാ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഡിഎഫ്എസ്എ; പിഴ മൂഡീസിന്റെ മിഡിൽ ഈസ്റ്റ് ശാഖയ്ക്ക്.
ദുബായ്: ഒക്ടോബർ 28 : രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര സുരക്ഷാവീഴ്ച വരുത്തിയതിന് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ മിഡിൽ ഈസ്റ്റ് ഘടകത്തിന് (Moody’s Investors Service Middle East Limited) ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (DFSA) 5,85,825 ഡോളർ (ഏകദേശം 2.15 ദശലക്ഷം ദിർഹം / 4.9 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (ഡിഐഎഫ്സി) സ്വതന്ത്ര സാമ്പത്തിക റെഗുലേറ്ററായ ഡിഎഫ്എസ്എ ബുധനാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റേറ്റിങ് നടപടികളുടെ ഭാഗമായി കമ്പനിയുടെ പക്കലെത്തിയ അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ സംരക്ഷിക്കുന്നതിൽ മൂഡീസ് പരാജയപ്പെട്ടുവെന്ന് റെഗുലേറ്റർ വ്യക്തമാക്കി.
2023 ഡിസംബറിനും 2026 മെയ് മാസത്തിനുമിടയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഏഴുതവണ അശ്രദ്ധമായി വിവരങ്ങൾ ചോർന്നതായി കമ്പനി തന്നെ റെഗുലേറ്ററെ അറിയിച്ചിരുന്നു. ഇതിൽ നാല് സംഭവങ്ങളിൽ അതീവ രഹസ്യ വിവരങ്ങൾ കമ്പനിക്ക് പുറത്തുള്ള വ്യക്തികൾക്ക് ലഭിച്ചതായും കണ്ടെത്തി.
കുറ്റം സമ്മതിച്ച് അന്വേഷണവുമായി തുടക്കത്തിലേ സഹകരിച്ചതിനാലാണ് മൂഡീസിന് പിഴത്തുകയിൽ ഇളവ് ലഭിച്ചത്. ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ പിഴ 8,36,892 ഡോളർ (ഏകദേശം 3.07 ദശലക്ഷം ദിർഹം) ആകുമായിരുന്നു.
സുരക്ഷാസംവിധാനങ്ങളിലെ പോരായ്മകളാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റെഗുലേറ്ററുടെ അന്വേഷണത്തിൽ വ്യക്തമായി. മുൻപുണ്ടായിരുന്ന സുരക്ഷാ സോഫ്റ്റ്വെയർ ഒഴിവാക്കിയ ശേഷം പകരം പുതിയ സംവിധാനം ഉടനടി ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടു. കൂടാതെ, വിവരച്ചോർച്ച യഥാസമയം കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങളുടെ അഭാവവും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ഫലപ്രദമായ അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നതും വീഴ്ചയുടെ ആഴം കൂട്ടി.
2012 ഡിസംബർ 31 മുതൽ ഡിഎഫ്എസ്എ ലൈസൻസോടെയാണ് മൂഡീസ് ഡിഐഎഫ്സിയിൽ പ്രവർത്തിക്കുന്നത്. സർക്കാരുകൾ, പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് സ്ഥാപനം നിത്യേന കൈകാര്യം ചെയ്യുന്നത്.
ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്ക് വിപണിയിലെ അതീവ രഹസ്യവിവരങ്ങൾ സംരക്ഷിക്കാൻ വലിയ നിയമപരമായ ബാധ്യതയുണ്ടെന്ന് ഡിഎഫ്എസ്എ എൻഫോഴ്സ്മെന്റ് മാനേജിങ് ഡയറക്ടർ അലൻ ലിന്നിങ് പറഞ്ഞു. സാമ്പത്തിക വിപണിയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിർത്താൻ ഇത്തരം രേഖകൾ ചോരാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും ജീവനക്കാർക്കിടയിൽ കൃത്യമായ സുരക്ഷാ അവബോധം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നടപടി സംബന്ധിച്ച വിശദമായ വിജ്ഞാപനം ഡിഎഫ്എസ്എ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.










