പരമ്പരാഗത വിളക്കുകൾ മാറ്റി 17,880 എൽഇഡി യൂണിറ്റുകൾ സ്ഥാപിച്ചു; 2027-ഓടെ വർഷംതോറും 1.4 കോടി കിലോവാട്ട് വൈദ്യുതി ലാഭിക്കാൻ ആർടിഎ
ദുബായ്, സെപ്റ്റംബർ 27 :ദുബായ് മെട്രോ സ്റ്റേഷനുകളിലും അനുബന്ധ കേന്ദ്രങ്ങളിലും ഊർജക്ഷമതയുള്ള എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്ന സമഗ്ര പദ്ധതിയുടെ 40 ശതമാനം പ്രവർത്തനങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വിജയകരമായി പൂർത്തിയാക്കി.
മെട്രോ ശൃംഖലയിലെ പരമ്പരാഗത ലൈറ്റുകൾ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 17,880 ലൈറ്റിങ് യൂണിറ്റുകളാണ് എൽഇഡി സാങ്കേതികവിദ്യയിലേക്ക് മാറ്റിയത്. ആകെ 44,700 ലൈറ്റുകളാണ് പദ്ധതിയിലൂടെ ആധുനികവത്കരിക്കുന്നത്. ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തന-പരിപാലന ചുമതലയുള്ള കിയോലിസ് എംഎച്ച്ഐ (Keolis MHI) കമ്പനിയുമായി സഹകരിച്ചാണ് ആർടിഎ ഈ നവീകരണം നടപ്പാക്കുന്നത്.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. റെഡ്, ഗ്രീൻ ലൈനുകളിലെ മെട്രോ സ്റ്റേഷനുകളിലെ കാൽനട മേൽപ്പാലങ്ങൾ (ഫുട്ബ്രിഡ്ജുകൾ), യാത്രക്കാർ ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങൾ, ട്രെയിൻ പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടങ്ങളിൽ പുതിയ സംവിധാനം നിലവിൽ വന്നത്.
പാർക്കിങ് കേന്ദ്രങ്ങൾ, തുരങ്കങ്ങൾ, അനുബന്ധ കെട്ടിടങ്ങൾ, വൈദ്യുതി വിതരണ സബ്സ്റ്റേഷനുകൾ തുടങ്ങിയ അവശേഷിക്കുന്ന ഇടങ്ങളിലെ ലൈറ്റുകൾ നവീകരിക്കുന്ന മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



മെട്രോ ആസ്തികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണിതെന്ന് ആർടിഎ റെയിൽ ഏജൻസി മെയിന്റനൻസ് ഡയറക്ടർ ദാവൂദ് അൽ റഈസ് പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം പരിപാലന ചെലവുകളും പരിസ്ഥിതി ആഘാതവും കുറയ്ക്കാൻ ഇത് സഹായിക്കും. പുതിയ സംവിധാനം മെട്രോ സ്റ്റേഷനുകളിലെ വെളിച്ചത്തിന്റെ ഗുണനിലവാരം ഉയർത്തുകയും യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം സമ്മാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ബൾബുകൾക്ക് സാധാരണയായി ഒരു വർഷത്തോളം മാത്രം ആയുസ്സുള്ളപ്പോൾ, പുതിയ എൽഇഡി യൂണിറ്റുകൾക്ക് തുടർച്ചയായി പ്രവർത്തിച്ചാലും 11 വർഷം വരെ പ്രവർത്തനക്ഷമതയുണ്ട്. ഇതുവഴി 12 മുതൽ 13 തവണ വരെ ബൾബുകൾ ആവർത്തിച്ച് മാറ്റേണ്ടി വരുന്ന അധ്വാനവും ഒഴിവാക്കാനാകും. ഓരോ യൂണിറ്റിലും 6 മുതൽ 7 മണിക്കൂർ വരെയുള്ള മനുഷ്യപ്രയത്നം ലാഭിക്കാൻ കഴിയുമെന്നത് മെയിന്റനൻസ് ചെലവ് ഗണ്യമായി കുറയ്ക്കും.
2027-ഓടെ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.4 കോടിയിലധികം കിലോവാട്ട് മണിക്കൂർ (14 million kWh) വൈദ്യുതി ലാഭിക്കാൻ ദുബായ് മെട്രോയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.










