വായ്പാ ഇടപാടുകൾ വിലയിരുത്തുന്ന കാലയളവ് 36 മാസമാക്കി; പുതുതായി എത്തിയവർക്കും പ്രവാസികൾക്കും പ്രത്യേക സ്കോറിങ് സംവിധാനം.
അബുദാബി, യു.എ.ഇ — വ്യക്തികളുടെ വായ്പാ തിരിച്ചടവ് ശേഷിയും സാമ്പത്തിക അച്ചടക്കവും കൂടുതൽ സമഗ്രമായി വിലയിരുത്തുന്നതിനായുള്ള അടുത്ത തലമുറ ക്രെഡിറ്റ് സ്കോറിങ് സംവിധാനമായ ‘ക്രെഡിറ്റ് സ്കോർ 3i’ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ പുറത്തിറക്കി. അബുദാബിയിലെ പുതിയ ഓഫീസിൽ നടന്ന ചടങ്ങിലാണ് പുതിയ മോഡൽ പ്രഖ്യാപിച്ചത്. വ്യക്തികളുടെ ഇടപാടുകൾ പരിശോധിക്കുന്ന കാലയളവ് മുൻപുണ്ടായിരുന്ന 24 മാസത്തിൽ നിന്ന് 36 മാസമായി (മൂന്ന് വർഷം) ഉയർത്തിയതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
ക്രെഡിറ്റ് ചരിത്രം അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി രണ്ട് തരത്തിലുള്ള സ്കോറിങ് പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. കൃത്യമായ ക്രെഡിറ്റ് ചരിത്രമുള്ളവർക്ക് 300 മുതൽ 850 വരെയുള്ള സ്കോറും, യു.എ.ഇയിൽ പുതുതായി എത്തിയവർക്കും ആദ്യമായി വായ്പാ സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്കുമായി 300 മുതൽ 650 വരെയുള്ള പ്രത്യേക സ്കോറിങ് പരിധിയും ഏർപ്പെടുത്തി.
തിരിച്ചടവ് മുടങ്ങിയ ഇടപാടുകൾ തീർപ്പാക്കിയ ശേഷം സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരുടെ സ്കോർ ആറ് മാസത്തിനകം മെച്ചപ്പെടാൻ പുതിയ മോഡൽ വഴി തുറക്കുന്നു. എന്നാൽ ഇതിനായി പുതിയ കുടിശ്ശികകൾ വരുത്താതിരിക്കുകയും കൃത്യമായ ഇടപാടുകൾ തുടരുകയും വേണം.
സാമ്പത്തിക രംഗത്തെയും സാങ്കേതികവിദ്യയിലെയും മാറ്റങ്ങൾക്ക് അനുസൃതമായാണ് ക്രെഡിറ്റ് വിവര ശേഖരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതെന്ന് ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ലുത്ഫി വ്യക്തമാക്കി. സമഗ്രമായ റിസ്ക് അസസ്മെന്റിനും ഉത്തരവാദിത്തമുള്ള വായ്പാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ മോഡൽ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ സ്കോറിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പരിശോധിക്കാനും സ്കോർ ഉയർത്താനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാക്കാനും റിപ്പോർട്ടിലൂടെ സാധിക്കും.
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, അംഗീകൃത ഫിൻടെക് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് വായ്പകൾ അനുവദിക്കുന്നതിൽ കൃത്യമായ തീരുമാനമെടുക്കാൻ പുതിയ ഡാറ്റാ സംവിധാനം പ്രയോജനപ്പെടും. 2026 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 1.16 കോടി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ ഡാറ്റാബേസിലുള്ളത്. 2.02 കോടി സജീവ വായ്പാ കരാറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2015-ൽ പത്ത് ലക്ഷത്തോളമായിരുന്ന ക്രെഡിറ്റ് റിപ്പോർട്ടുകളുടെ വിതരണം 2025-ൽ 1.7 കോടിയായി വർധിച്ചു. ‘ബൈ നൗ പേ ലേറ്റർ’ (BNPL) ഉൾപ്പെടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും ഈ വർഷം മുതൽ റിപ്പോർട്ടിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും നിശ്ചിത പരിശോധനാ നടപടികൾ പൂർത്തിയാക്കി വ്യക്തികൾക്ക് തങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം.










