ബൗദീബ് അക്കാദമിയിൽ നടക്കുന്ന നാല് ദിവസത്തെ മത്സരത്തിൽ 44.7 ലക്ഷം ദിർഹത്തിന്റെ സമ്മാനത്തുക
അബുദാബി, യുഎഇ — 267 ഉടമകളുടെ കീഴിലുള്ള 500 അറേബ്യൻ കുതിരകൾ അണിനിരക്കുന്ന യുഎഇ ദേശീയ അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പിന് അബുദാബിയിലെ ബൗദീബ് അക്കാദമി ഗ്രാൻഡ് ഹാളിൽ തുടക്കമായി. എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് സൊസൈറ്റി (ഇഎഎച്ച്എസ്) സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ ആകെ 44.7 ലക്ഷം ദിർഹമാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുള്ളത്.
കുതിരകളുടെ മൂല്യനിർണയത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി സൊസൈറ്റിയുടെ അത്യാധുനിക ഡിജിറ്റൽ സംവിധാനമായ ‘റബ്ദാൻ ജഡ്ജിങ് പ്ലാറ്റ്ഫോം’ വഴിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
ആദ്യ ദിനത്തിൽ ഒരു വയസ്സുള്ള പെൺകുതിരകളുടെയും (ഇയർലിംഗ് ഫില്ലീസ്) രണ്ടു വയസ്സുള്ള പെൺകുതിരകളുടെയും യോഗ്യതാ റൗണ്ടുകളാണ് പ്രധാനമായും അരങ്ങേറിയത്. ഒരു വയസ്സുള്ള പെൺകുതിരകളുടെ സെക്ഷൻ എ വിഭാഗത്തിൽ ഹംദാൻ മുഹമ്മദ് ബുത്തി അൽ അബ്ദൗലിയുടെ ഉടമസ്ഥതയിലുള്ള ‘അല ഹഷ്ദെഹ്’ (90.80 പോയിന്റ്) ഒന്നാം സ്ഥാനം നേടി. തുല്യ പോയിന്റ് നേടിയ ‘സുൽത്താനത്ത് അൽ ദാറി’നെ ചലനമികവിലെ (മൂവ്മെന്റ് സ്കോർ) മുൻതൂക്കത്തിലാണ് അല ഹഷ്ദെഹ് പിന്തള്ളിയത്.
സെക്ഷൻ ബിയിൽ അൽ അര്യാം അറേബ്യൻസിന്റെ ‘അൽ അര്യാം റിഹാം’ 91.5 പോയിന്റോടെ ഒന്നാമതെത്തി. സെക്ഷൻ സിയിൽ ശംസ റാഷിദ് അൽ ഹജ്രിയുടെ ‘വസ്മിയ അൽ ഹവാജർ’ (91.3 പോയിന്റ്) ജേതാവായി. ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള ‘അൽ അര്യാം ഹമീസ്’ 92.2 പോയിന്റ് നേടി സെക്ഷൻ ഡിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സെക്ഷൻ ഇയിൽ സാദ് സിദ്ദിഖ് ഫത് അലി അൽ ഖാജയുടെ ‘അൽ സുൽത്താന കെ’യും (91.3 പോയിന്റ്), സെക്ഷൻ എഫിൽ അബ്ദുള്ള മുഹമ്മദ് ഷെരീഫ് അൽ ബൈദായിയുടെ ‘ജെഎസ് ഹണി’യും (91.1 പോയിന്റ്) മുന്നിലെത്തി.
രണ്ടു വയസ്സുള്ള പെൺകുതിരകളുടെ വിഭാഗത്തിൽ ദുബായ് അറേബ്യൻ ഹോഴ്സ് സ്റ്റഡിന്റെ കുതിരകൾ ആധിപത്യം ഉറപ്പിച്ചു. സെക്ഷൻ ബിയിൽ ‘ഡി സ്ദൈറ’ 91.9 പോയിന്റോടെയും, മറ്റൊരു സെക്ഷൻ ബി മത്സരത്തിൽ ‘ഡി ഫഖീഹ’ 92 പോയിന്റോടെയും ഒന്നാമതെത്തി.
ശനിയാഴ്ച മൂന്ന് വയസ്സുള്ള പെൺകുതിരകൾ, നാല് വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പെൺകുതിരകൾ, ഒരു വയസ്സുള്ള ആൺകുതിരകൾ എന്നിവയുടെ യോഗ്യതാ മത്സരങ്ങൾ നടക്കും. ഞായറാഴ്ച രണ്ട്, മൂന്ന് വയസ്സുള്ള ആൺകുതിരകളുടെയും മുതിർന്ന ആൺകുതിരകളുടെയും മത്സരങ്ങൾ അരങ്ങേറും. തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിലെ ഫൈനൽ പോരാട്ടങ്ങളോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും.










