ലണ്ടൻ-സോഫിയ വിമാനത്തിന് അകമ്പടിയായി ഹംഗേറിയൻ വ്യോമസേനയുടെ ഗ്രിപ്പൻ യുദ്ധവിമാനം; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
ബുഡാപെസ്റ്റ്, ഹംഗറി — ബോംബ് ഭീഷണിയെത്തുടർന്ന് ലണ്ടനിൽനിന്ന് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്ക് പോവുകയായിരുന്ന വിസ് എയർ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ അടിയന്തരമായി ഇറക്കി. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചയുടൻ ഹംഗേറിയൻ വ്യോമസേനയുടെ ഗ്രിപ്പൻ യുദ്ധവിമാനം പറന്നുയർന്ന് യാത്രാവിമാനത്തിന് അകമ്പടി സേവിച്ചു.
ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എയർബസ് എ321 വിമാനം ബോസ്നിയ ആൻഡ് ഹെർസഗോവിന വ്യോമാതിർത്തിയിൽ പറക്കുമ്പോഴാണ് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് യാത്രാപഥം മാറ്റി ബുഡാപെസ്റ്റിലെ ലിസ്റ്റ് ഫെറൻക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.09-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്താവളത്തിൽ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലും യാത്രക്കാരിലും പരിശോധന നടത്തി.
സുരക്ഷാ മുന്നറിയിപ്പ് ലഭിച്ച് മിനിറ്റുകൾക്കകം ഗ്രിപ്പൻ യുദ്ധവിമാനം വിന്യസിച്ചതായി ഹംഗേറിയൻ പ്രതിരോധ മന്ത്രി റോമുലസ് റുസിൻ-സെൻഡി വ്യക്തമാക്കി. വിമാനം ബുഡാപെസ്റ്റിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ യുദ്ധവിമാനം കെക്സ്കെമെറ്റിലെ വ്യോമതാവളത്തിലേക്ക് മടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ചുമതല ഹംഗേറിയൻ പോലീസ് ഏറ്റെടുത്തു.
വിദഗ്ധ പരിശോധന പൂർത്തിയായെന്നും വിമാനത്തിൽനിന്ന് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും വിസ് എയർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിൽ വിമാനം ഉടൻ യാത്ര പുനരാരംഭിക്കുമെന്നും അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും വിമാനക്കമ്പനി വ്യക്തമാക്കി. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ജി.എം.ടി സമയം രാവിലെ 8.33-ന് ലൂട്ടണിൽനിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25-ന് സോഫിയയിൽ എത്തേണ്ടതായിരുന്നു.










