ശബരിമല:ശബരിമല സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ എ. പത്മകുമാർ, എൻ. വാസു എന്നിവരടക്കം ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെയാണ് ഇ.ഡി. ഈ നീക്കത്തിലേക്ക് കടക്കുന്നത്.റെയ്ഡിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ഗോവർദ്ധൻ, എ. പത്മകുമാർ, എൻ. വാസു എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇ.ഡി. ശക്തമാക്കി. പത്മകുമാറും എൻ. വാസുവും ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുവിവരങ്ങൾ ഇ.ഡി. വിശദമായി ശേഖരിച്ചിട്ടുണ്ട്. വസ്തുവകകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയവയുടെ രേഖകളും റെയ്ഡിനിടെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെ താത്കാലിക കണ്ടുകെട്ടൽ നടപടികളിലേക്ക് ഇ.ഡി. കടക്കുമെന്നാണ് സൂചന.ആദ്യഘട്ട റെയ്ഡ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ശബരിമലയിൽ നടന്ന സ്പോൺസർഷിപ്പ് ക്രമക്കേടുകൾ വൻതോതിലുള്ളതാണെന്ന് റെയ്ഡിലൂടെ വ്യക്തമായതായി ഇ.ഡി. വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നുവെന്നും, വിവിധ വ്യക്തികളെ ഉൾപ്പെടുത്തി സംഭാവനകൾ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട ജോലികൾ നടത്തുകയും ചെയ്തതിലൂടെ സാമ്പത്തിക നേട്ടം കൈവരിച്ചതായും ഇ.ഡി. നിഗമനം.കഴിഞ്ഞ ദിവസത്തെ റെയ്ഡിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ നിന്നു സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. ശബരിമലയിൽ എത്തിച്ചേരുന്നതിന് ശേഷമാണ് അദ്ദേഹം വൻതോതിൽ ധനസമ്പാദനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഇ.ഡി.യുടെ നിലപാട്.









































