24 പേർക്ക് യാത്ര ചെയ്യാവുന്ന നാലാം തലമുറ അബ്രകളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്മാർട്ട് ഇൻഫർമേഷൻ ഡിസ്പ്ലേകളും
ദുബായ്, യുഎഇ — എമിറേറ്റിലെ ജലഗതാഗത സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ പരമ്പരാഗത അബ്രകൾ കൂടി സർവീസിന്റെ ഭാഗമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചു നിർമിച്ച നാലാം തലമുറ വിഭാഗത്തിൽപ്പെട്ട അബ്രകളാണ് ഫ്ലീറ്റിൽ ഉൾപ്പെടുത്തിയത്. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം എമിറേറ്റിലെ വിവിധ യാത്രാ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ദുബായുടെ സുസ്ഥിര യാത്രാ പദ്ധതികളുടെ സുപ്രധാന ഘടകമാണ് ജലഗതാഗതമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ ഖലഫ് ബെൽഗൂസൂസ് അൽ സറൂണി വ്യക്തമാക്കി. ദുബായിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായ നവീകരണമാണ് അതോറിറ്റി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

24 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഓരോ പുതിയ അബ്രയും. ‘ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ്’ അനുശാസിക്കുന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇവയുടെ രൂപകൽപ്പന. സുരക്ഷ, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻസ് അംഗീകാരവും ഈ അബ്രകൾക്ക് ലഭിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യാർഥം മികച്ച ഇരിപ്പിടങ്ങൾ, പുതിയ ഫ്ലോറിങ്, ആധുനിക ക്യാബിൻ സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ) പ്രയാസമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഉൾഭാഗത്തെ സൗകര്യങ്ങൾ. യാത്രക്കാർക്ക് തത്സമയ വിവരങ്ങളും സുരക്ഷാ നിർദേശങ്ങളും ലഭ്യമാക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ, ഇലക്ട്രോണിക് ഡെസ്റ്റിനേഷൻ ബോർഡുകൾ തുടങ്ങിയ സ്മാർട്ട് സാങ്കേതികവിദ്യകളും നാലാം തലമുറ അബ്രകളുടെ പ്രത്യേകതയാണ്.










