45-ാമത് മേളയിൽ റിലീഫ് പ്രിന്റിങ്ങിലൂടെ സ്വന്തമായി സ്റ്റാമ്പുകളും ചിത്രങ്ങളും നിർമിച്ച് ഇരുപതിലധികം കുട്ടികൾ പങ്കാളികളായി
ഷാർജ, യു.എ.ഇ — 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (SIBF 2026) റിലീഫ് പ്രിന്റിങ്ങിന്റെ പുത്തൻ അനുഭവമൊരുക്കി കുട്ടികളുടെ സർഗാത്മക ശിൽപശാല. പ്രിന്റ് മേക്കിങ് സാങ്കേതികതകൾ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയിൽ ഇരുപതിലധികം കുട്ടികൾ പങ്കെടുത്തു.
മേൽഭാഗത്ത് ഡിസൈനുകൾ കൊത്തിയെടുത്ത് മഷി പുരട്ടി കടലാസിലേക്ക് പകർത്തുന്ന ‘റിലീഫ് പ്രിന്റിങ്’ രീതിയാണ് ശിൽപശാലയിലൂടെ കുട്ടികൾ പഠിച്ചത്. റബ്ബർ സ്ലാബുകൾ, ട്രേസിങ് ഷീറ്റുകൾ, കാർവിങ് ഉപകരണങ്ങൾ, ഇങ്ക് റോളറുകൾ, പ്രത്യേക കാർഡ് പേപ്പറുകൾ എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. അധ്യാപകരുടെയും പരിശീലകരുടെയും മേൽനോട്ടത്തിൽ റബ്ബർ സ്ലാബുകളിൽ ചിത്രങ്ങൾ വരച്ചെടുത്ത് സ്വയം കൊത്തിയുണ്ടാക്കിയ സ്റ്റാമ്പുകൾ കുട്ടികൾ രൂപപ്പെടുത്തി.
മൃഗങ്ങൾ, പ്രകൃതി, കഥാപാത്രങ്ങൾ എന്നിവയിൽ നിന്നുള്ള മാതൃകകളാണ് ഡിസൈനുകൾക്കായി നൽകിയത്. ഡിസ്നിയുടെ ടാംഗിൾഡിലെ സൂര്യന്റെ ചിഹ്നം, സ്പൈഡർമാൻ എംബ്ലം തുടങ്ങിയ ജനപ്രിയ ചിഹ്നങ്ങളും കുട്ടികൾ തെരഞ്ഞെടുത്തു. റോക്കറ്റുകൾ, കടൽച്ചിപ്പികൾ, പൂന്തോട്ടത്തിലെ പൂച്ചകൾ തുടങ്ങി സ്വന്തം ഭാവനയ്ക്കനുസരിച്ചുള്ള വർണശേഖരങ്ങളും കുട്ടികൾ കടലാസിൽ പകർത്തി. പിങ്ക് നിറത്തിലുള്ള ചിപ്പികൾ നിർമിച്ച എലീനയും, നീലാകാശത്ത് കുതിക്കുന്ന ബഹിരാകാശ റോക്കറ്റ് വരച്ച ആസിയയും, പൂന്തോട്ടത്തിലെ കറുത്ത പൂച്ചയെ കൊത്തിയെടുത്ത താലിയയും അടക്കമുള്ള കുട്ടികൾ തങ്ങളുടെ കലാസൃഷ്ടികൾ വേദിയിൽ പ്രദർശിപ്പിച്ചു.
കുട്ടികളുടെ സർഗാത്മകവും സംവേദനാത്മകവുമായ പഠനാനുഭവം വിപുലമാക്കുന്നതിനാണ് മേളയിൽ ഇത്തരം ശിൽപശാലകൾ ഉൾപ്പെടുത്തിയതെന്ന് സെഷന് നേതൃത്വം നൽകിയ ആൻ വ്യക്തമാക്കി. ശിൽപശാല പൂർത്തിയായതോടെ സ്വന്തമായി നിർമിച്ച സ്റ്റാമ്പുകളും അച്ചടിച്ച ചിത്രങ്ങളുമായാണ് കുട്ടികൾ മടങ്ങിയത്.










