കോഴിക്കോട്: പയ്യന്നൂരിൽ വിവാദമായ വിഡിയോ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബസിൽ നിന്ന് യാതൊരു ഉപദ്രവപരാതിയും ലഭിച്ചിട്ടില്ലെന്ന് സ്വകാര്യ ബസ് കണ്ടക്ടർ രാമകൃഷ്ണൻ വ്യക്തമാക്കി. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ–പഴയ സ്റ്റാൻഡ് റൂട്ടിൽ സർവീസ് നടത്തുന്ന അൽഅമീൻ ബസിലെ കണ്ടക്ടറാണ് രാമകൃഷ്ണൻ.‘ഉപദ്രവമുണ്ടായതായി ആരും പരാതിപ്പെട്ടില്ല. അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഉടൻ പൊലീസിൽ ഏൽപ്പിച്ചേനെ. ബസ് നിർത്തുന്നത് പൊലീസ് എയ്ഡ് പോസ്റ്റിന് തൊട്ടടുത്തല്ലേ,’ രാമകൃഷ്ണൻ പറഞ്ഞു. വിഡിയോ പ്രചരിച്ചതിന് ശേഷമാണ് സംഭവത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടതെന്നും, അന്നേദിവസം ബസിൽ നിന്ന് ആരും പരാതിയുമായി എത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഡിയോ ബസുടമയ്ക്ക് ഗൾഫിൽ നിന്നുള്ള ഒരാൾ അയച്ചുനൽകിയതാണെന്നും, പിന്നീട് ബസുടമയാണ് അത് ജീവനക്കാർക്ക് കൈമാറിയതെന്നും കണ്ടക്ടർ പറഞ്ഞു. അന്നേദിവസം ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ മുന്നിലും പിന്നിലും ആളുകൾ ഉണ്ടായിരുന്നുവെന്നും, ബസിനുള്ളിലെ സംഭവങ്ങൾ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നും ഹാർഡ് ഡിസ്ക് ബസുടമ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.സാധാരണയായി ബസിൽ ഇത്തരം പരാതികൾ ലഭിക്കുന്ന പക്ഷം ഉടൻ പൊലീസിനെ അറിയിക്കാറുണ്ടെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും വ്യക്തമാക്കി. ‘ദീപക് രണ്ടാമത്തെയോ മൂന്നാമത്തെയോ സീറ്റിനടുത്ത് നിന്നിരുന്നുവെന്നാണ് തോന്നുന്നത്. കയറിയത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നായിരിക്കാം. എന്നാൽ കൃത്യമായ ഓർമയില്ല,’ കണ്ടക്ടർ പറഞ്ഞു.പത്ത് രൂപ ടിക്കറ്റിന്റെ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെന്നും, എട്ടോ പത്തോ മിനിറ്റിനുള്ളിൽ ബസ് സ്റ്റാൻഡിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയത്ത് നിരവധി യാത്രക്കാർക്ക് ടിക്കറ്റ് നൽകേണ്ടി വരുന്നതിനാൽ എല്ലാവരുടെയും മുഖം ഓർമയിൽ നിൽക്കാറില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി.









































