നവംബർ 24 മുതൽ ഡിസംബർ ഒന്നുവരെ എമിറേറ്റ്സ് ഹാളിൽ നടക്കുന്ന മേളയിൽ രണ്ട് ദിർഹം മുതൽ പുസ്തകങ്ങൾ ലഭ്യമാകും.
അജ്മാൻ, യു.എ.ഇ — ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന പുസ്തകമേളയായ ‘ബിഗ് ബാഡ് വുൾഫ്’ അജ്മാനിലേക്ക് തിരിച്ചെത്തുന്നു. അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാൻ 2026’ നവംബർ 24 മുതൽ ഡിസംബർ ഒന്നുവരെ അജ്മാൻ എമിറേറ്റ്സ് ഹാളിലാണ് നടക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരെ കാത്തിരിക്കുന്നത്. രണ്ട് ദിർഹം മുതലാണ് പുസ്തകങ്ങളുടെ വില ആരംഭിക്കുന്നത്.
മേളയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി നവംബർ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അൽ ജുർഫ് 2-ൽ ഖലീഫ ആശുപത്രിക്ക് സമീപമുള്ള അജ്മാൻ കൾച്ചർ സെന്ററിൽ വാർത്താസമ്മേളനം നടക്കും. മേളയിലെ പ്രധാന ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, വിൽപ്പനയ്‌ക്കെത്തുന്ന തിരഞ്ഞെടുത്ത പുസ്തകങ്ങൾ നേരത്തെ കാണാനുള്ള അവസരവും മാധ്യമപ്രവർത്തകർക്കായി ഒരുക്കിയിട്ടുണ്ട്.
ബിഗ് ബാഡ് വുൾഫ് ബുക്സ് മേധാവി പാട്രിക് യാപ്, അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ വകുപ്പിലെ ഇവന്റ്സ്, പ്രോഗ്രാംസ് ആൻഡ് ടാലന്റ് സെക്ഷൻ മാനേജർ അബ്ദള്ള സാലെം മുഹമ്മദ്, ഷാർജ ബുക്ക് അതോറിറ്റി ഇൻവെസ്റ്റ്‌മെന്റ്സ് ആൻഡ് പാർട്ണർഷിപ്പ്സ് ഡയറക്ടർ മാജിദ് അൽ നുഐമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിന് ശേഷം മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിൽ ഇവർ മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും നൽകും.










