ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുവജന സാഹിത്യത്തെക്കുറിച്ച് സംസാരിച്ച് സുൽഫ കത്തൂഹും എലിസബത്ത്-ഐറിൻ ബെയ്റ്റിയും
ഷാർജ, യു.എ.ഇ — കൗമാരക്കാരായ വായനക്കാരുടെ ചിന്താശേഷിയെ കുറച്ചുകാണരുതെന്നും ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് അവരെ മാറ്റിനിർത്തരുതെന്നും പ്രശസ്ത എഴുത്തുകാരായ സുൽഫ കത്തൂഹും എലിസബത്ത്-ഐറിൻ ബെയ്റ്റിയും അഭിപ്രായപ്പെട്ടു. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (SIBF 2026) സംസാരിക്കുകയായിരുന്നു ഇരുവരും. സങ്കീർണ്ണമായ ജീവിതാനുഭവങ്ങളെ സുരക്ഷിതമായി അറിയാനും സ്വതന്ത്രമായി ചിന്തിക്കാനും യുവജന സാഹിത്യം (Young Adult Literature) കൗമാരക്കാരെ സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഡോ. ലാമിയ തൗഫീഖ് നിയന്ത്രിച്ച ‘വൈ റൈറ്റ് ഫോർ സിക്സ്റ്റീൻ?’ (Why Write for Sixteen?) എന്ന സെഷനിലായിരുന്നു ചർച്ച. കുട്ടിക്കാലത്തിനും യൗവനത്തിനും ഇടയിലുള്ള പ്രായക്കാർക്കായി എഴുതുന്നതിലെ വെല്ലുവിളികളും, കൗമാരക്കാരുടെ താൽക്കാലിക ട്രെൻഡുകളെ അനുകരിക്കുന്നതിനേക്കാൾ വൈകാരികമായ സത്യസന്ധതയ്ക്ക് നൽകേണ്ട പ്രാധാന്യവും ഇരുവരും പങ്കുവെച്ചു.
കൗമാരക്കാർക്കായി എഴുതുന്നത് സഹാനുഭൂതി വളർത്തുന്നതിനുള്ള മാർഗ്ഗമാണെന്ന് സിറിയൻ-കനേഡിയൻ എഴുത്തുകാരി സുൽഫ കത്തൂഹ് പറഞ്ഞു. കുട്ടിക്കാലത്ത് തന്റേതായ പശ്ചാത്തലമുള്ള കഥാപാത്രങ്ങളെ വാർപ്പുമാതൃകകൾക്കപ്പുറം പുസ്തകങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഈ അനുഭവമാണ് സിറിയയിലെ യുവാക്കളുടെ ജീവിതയാഥാർത്ഥ്യങ്ങൾ പറയുന്ന ‘ആസ് ലോങ് ആസ് ദി ലെമൺ ട്രീസ് ഗ്രോ’ (As Long as the Lemon Trees Grow) എന്ന നോവൽ എഴുതാൻ പ്രചോദനമായതെന്ന് അവർ വ്യക്തമാക്കി.


കുട്ടികളിലും അധ്യാപകരിലും സഹാനുഭൂതി വളർത്താനാണ് താൻ ആഗ്രഹിച്ചതെന്നും, വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള സഹപാഠികളെയും സമൂഹങ്ങളെയും മനസ്സിലാക്കാൻ കഥകൾ സഹായിക്കുമെന്നും കത്തൂഹ് പറഞ്ഞു.
ഗൗരവമേറിയ വിഷയങ്ങൾ മുതിർന്നവർക്കുള്ള സാഹിത്യത്തിൽ മാത്രമേ പാടുള്ളൂ എന്ന ധാരണയെ ഇരുവരും തള്ളിക്കളഞ്ഞു. ദുഃഖം, പലായനം, നഷ്ടങ്ങൾ എന്നിവയൊന്നും പ്രായപൂർത്തിയാകുന്നത് വരെ കാത്തുനിൽക്കാറില്ലെന്നും, ഇവ ഉൾക്കൊള്ളാനുള്ള കൗമാരക്കാരുടെ കഴിവിനെ പലപ്പോഴും കുറച്ചുകാണുകയാണ് ചെയ്യുന്നതെന്നും കത്തൂഹ് അഭിപ്രായപ്പെട്ടു.
ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും തുടങ്ങുന്ന കൗമാരപ്രായം കഥപറച്ചിലിന് ഏറെ അനുയോജ്യമാണെന്ന് ഘാനയിൽ നിന്നുള്ള എഴുത്തുകാരി എലിസബത്ത്-ഐറിൻ ബെയ്റ്റി പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ വായനക്കാരെ കർശനമായി വേർതിരിക്കരുതെന്നും, ദാരിദ്ര്യമോ വേർപാടോ അനുഭവിച്ച ഒരു 13 വയസ്സുകാരന് മുതിർന്ന കുട്ടികളേക്കാൾ വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ ഉണ്ടായേക്കാമെന്നും അവർ ഓർമ്മിപ്പിച്ചു.
56 വയസ്സുള്ള ഒരാളുടെ പക്വതയും അറിവും കലർത്താതെ 14 വയസ്സുകാരന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് എഴുതുക എന്നതാണ് താൻ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ബെയ്റ്റി വ്യക്തമാക്കി.
പുസ്തകങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെടാതിരിക്കാൻ കൗമാരക്കാരുടെ പുതിയ കാലത്തെ സംസാരശൈലികൾ (Slang) അമിതമായി ഉപയോഗിക്കുന്നത് ഇരുവരും ഒഴിവാക്കാറുണ്ട്. കാലവും സാങ്കേതികവിദ്യയും മാറിയാലും കൗമാരക്കാർ നേരിടുന്ന വൈകാരിക പ്രതിസന്ധികൾ എല്ലാ തലമുറയിലും ഒരുപോലെയാണെന്ന് സുൽഫ കത്തൂഹ് കൂട്ടിച്ചേർത്തു.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള എക്സ്പോ സെന്ററിൽ നവംബർ 4 മുതൽ 15 വരെയാണ് നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാൻ ആണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും 17 ലക്ഷത്തിലധികം പുസ്തകങ്ങളും 1,500-ലേറെ സാംസ്കാരിക പരിപാടികളുമാണ് മേളയിലുള്ളത്.










