ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എമിറാത്തി എഴുത്തുകാരി ഫാത്തിയ അൽ നിംറും നിരൂപക ഡോ. അബീർ അൽ ഹൊസാനിയും സംവദിച്ചു
ഷാർജ, യുഎഇ — നിലവിലുള്ള ലോകത്തിനപ്പുറത്തേക്ക് നോക്കാനും ഭാവനയിലൂടെ യാഥാർഥ്യങ്ങളെ ചോദ്യം ചെയ്ത് പുതിയ സാധ്യതകൾ തേടാനും എഴുത്തുകാർക്ക് കഴിയണമെന്ന് പ്രമുഖ എമിറാത്തി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫാത്തിയ അൽ നിംർ. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (SIBF 2026) ‘നോവലുകൾ ചോദിക്കുന്ന ചോദ്യങ്ങളും അവ ഉൾക്കൊള്ളുന്ന അർഥങ്ങളും’ എന്ന വിഷയത്തിൽ വെള്ളിയാഴ്ച നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥ എഴുതുന്നതെങ്കിൽ പോലും അതിൽ ഭാവനയ്ക്ക് കൃത്യമായ സ്ഥാനമുണ്ടായിരിക്കണമെന്ന് ഫാത്തിയ അൽ നിംർ പറഞ്ഞു. യാഥാർഥ്യങ്ങളെ അതേപടി പകർത്തുന്ന വെറുമൊരു ക്യാമറയല്ല എഴുത്തുകാരൻ. നിലവിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് എഴുതാനും എന്തുകൊണ്ടാണതെന്ന് ചോദിക്കാനും അവ എങ്ങനെ യാഥാർഥ്യമാക്കാമെന്ന് ഭാവന ചെയ്യാനും കഴിയണമെന്നും അവർ വ്യക്തമാക്കി.

റീയലിസ്റ്റിക് കഥകൾക്കൊപ്പം സ്വപ്നങ്ങളും പ്രതീകാത്മകതയും ഭാവനയും ഇഴചേരുന്ന രചനകളും തന്റേതായുണ്ടെന്ന് അവർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരത്തിലെ വ്യത്യസ്തമായ ആഖ്യാനരീതികളെക്കുറിച്ച് സംസാരിച്ച അവർ, ‘ദ് ട്രീ ആൻഡ് ദ് മാൻ വിത്ത് ദ് ലോങ് ഷാഡോ’ എന്ന കഥ പ്രത്യേകം പരാമർശിച്ചു. മരിച്ചുപോയ കുടുംബാംഗങ്ങളെ ഒരു പെൺകുട്ടി സ്വപ്നസമാനമായ അനുഭവത്തിലൂടെ കണ്ടുമുട്ടുന്ന ഈ കഥ, നഷ്ടബോധത്തെയും ഓർമകളെയും കുടുംബബന്ധങ്ങളെയും ഭാവനയുടെ തലത്തിൽ നിന്നാണ് സമീപിക്കുന്നത്.
ഫാത്തിയ അൽ നിംറിന്റെ ചെറുകഥാ സമാഹാരത്തെക്കുറിച്ച് നിരൂപക ഡോ. അബീർ അൽ ഹൊസാനി വിശദമായ അവലോകനം നടത്തി. പരിചിതമായ സാമൂഹിക സാഹചര്യങ്ങളിൽ സങ്കീർണമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് മനുഷ്യസ്വഭാവത്തെയും ആന്തരിക സംഘർഷങ്ങളെയും എഴുത്തുകാരി ആഴത്തിൽ പരിശോധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരമാണ് കഥകളിൽ ആവർത്തിക്കുന്ന പ്രധാന പ്രമേയം. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റത്തിൽ സ്വന്തം മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കഥാപാത്രങ്ങളെ ഇതിലൂടെ തുറന്നുകാട്ടുന്നു.
മാനസികാരോഗ്യം, ഭിന്നശേഷി, പെൺകുട്ടികളോടുള്ള വിവേചനം, കുടുംബങ്ങൾക്കുള്ളിലെ അനീതി, ബുള്ളിയിങ് തുടങ്ങിയ സാമൂഹിക വിഷയങ്ങൾ സമാഹാരം കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഡോ. അബീർ അൽ ഹൊസാനി വിലയിരുത്തി. കഥാപാത്രങ്ങളുടെ ഭയങ്ങളും ആന്തരിക സംഘർഷങ്ങളും അവരുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, മനുഷ്യന്റെ ദൗർബല്യങ്ങൾ തുറന്നുകാട്ടാൻ ആക്ഷേപഹാസ്യവും ഡാർക്ക് ഹ്യൂമറും എഴുത്തുകാരി എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവർ വിശദീകരിച്ചു.
കുടുംബസംഗമങ്ങൾ, ദുഃഖാചരണ ചടങ്ങുകൾ, പ്രാദേശിക പ്രയോഗങ്ങൾ തുടങ്ങി എമിറാത്തി സാമൂഹിക ജീവിതത്തിന്റെ തനിമ ഈ കഥകൾക്ക് വിശ്വാസ്യത നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ആരംഭിച്ച് പഴയ സംഭവങ്ങളിലേക്ക് മടങ്ങുന്ന ആഖ്യാനരീതിയും, അപ്രതീക്ഷിതമായ അന്ത്യങ്ങളും കഥാപാത്രങ്ങളുടെ പ്രവൃത്തികളെ പുനർവിചിന്തനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതായും അബീർ അൽ ഹൊസാനി കൂട്ടിച്ചേർത്തു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ എക്സ്പോ സെന്റർ ഷാർജയിൽ നവംബർ 4 മുതൽ 15 വരെയാണ് 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. ‘കഥകളാൽ നിർമിതം’ (Made of Stories) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക-കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.










