മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ എഴുത്തുകാരി ഗീത മോഹന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു
ഷാർജ, യുഎഇ — പ്ലാവില ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ആശ പി.യുടെ ‘അറ്റക്കാമ’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ എഴുത്തുകാരി ഗീത മോഹന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
അറ്റക്കാമ മരുഭൂമിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി മനോഹരമായ കവിതകളാക്കി മാറ്റാൻ രചയിതാവിന് സാധിച്ചതായി ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അജിത് കണ്ടല്ലൂർ പുസ്തകപരിചയം നടത്തി. വൈവിധ്യമാർന്ന രൂപകങ്ങളിലൂടെയും ബിംബങ്ങളിലൂടെയും ആശയുടെ കവിതകൾ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി.
അക്കാഫ് ഇവന്റ്സ് ജനറൽ സെക്രട്ടറി വി. എസ്. ബിജു കുമാർ, വടകര എൻ.ആർ.ഐ പ്രസിഡന്റ് മനോജ് കെ. വി., കോളേജ് അലുമിനി പ്രതിനിധി ഷാജി ബി. വടകര, സുരേഷ് പുതിയെടുത്ത് എന്നിവർ ആശംസകൾ നേർന്നു. രമൽ നാരായണൻ മോഡറേറ്ററായിരുന്ന ചടങ്ങിൽ മഞ്ജു രാജീവ് നന്ദി രേഖപ്പെടുത്തി.










