ദുബായ് ∙ രാജ്യത്തു സ്വകാര്യ മേഖലയിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ വനിതകൾ മുന്നിൽ. ജീവനക്കാരിൽ 66.5 ശതമാനവും വനിതകളാണെന്നു മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഈ രംഗത്ത് പ്രവർത്തിക്കുന്ന 36 ശതമാനം സ്ഥാപനങ്ങളും കഴിഞ്ഞ വർഷം സ്ത്രീകൾക്ക് നിയമനം നൽകിയതായി മന്ത്രാലയം വെളിപ്പെടുത്തി.ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം വളർച്ചയും രേഖപ്പെടുത്തി. വിദഗ്ധ തസ്തികകളിൽ 27.4 ശതാമാനവും തൊഴിൽ നൈപുണ്യമുള്ള വനിത ജീവനക്കാരാണ്.സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സ്ത്രീ ജന സംഖ്യ കൂടുതൽ. മൊത്തം ജീവനക്കാരിൽ 74.3 ശതമാനം സ്ത്രീകൾ. വിവരസാങ്കേതിക വിദ്യാ തൊഴിലുകളിലെ മൊത്തം ജീവനക്കാരിൽ 37.9 ശതമാനവും വനിതകൾ കയ്യടക്കി. തൊഴിൽ സ്ഥാപനങ്ങളിൽ ലിംഗ വിവേചനം നിരോധിക്കുകയും,സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ കുതിപ്പിനു കാരണമെന്നു മന്ത്രാലയം വിശദീകരിച്ചു. ഒരേ ജോലിയോ തുല്യമൂല്യമുള്ള തൊഴിലോ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം നൽകണമെന്നാണ് യുഎഇ തൊഴിൽ നിയമം.സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തുല്യവേതനം ഉറപ്പാക്കുക മാത്രമല്ല, ഖനനം, നിർമാണമേഖല, ഉത്പാദനം,ഊർജം, കൃഷി, ഗതാഗതം തുടങ്ങിയ ശാരീരികമായി അധ്വാനം ആവശ്യമുള്ള ജോലികളിലും സ്ത്രീകൾക്കു നിയമനം നൽകുന്നുണ്ട്. നേരത്തെ ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നതിനു വിലക്ക് നിലനിന്നിരുന്നു. രാത്രി ഷിഫ്റ്റുകളിൽ വനിതകൾക്ക് ജോലി ചെയ്യുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കിയതോടെ തൊഴിൽ മേഖലയിൽ വനിതകൾ കൂടുതൽ സജീവമായി. വ്യവസായ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് തൊഴിലെടുക്കുന്നതിനു വിലക്കില്ല.
ഗർഭധാരണം മൂലം വനിതാ ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്ന് തൊഴിലുടമകൾക്ക് രാജ്യത്തെ നിയമം മുന്നറിയിപ്പ് നൽകുന്നു. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും വിവേചനം കാണിക്കുന്നതും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. വംശം, വർണം, ദേശം, ജാതി തുടങ്ങിയ എല്ലാ തരം സാമൂഹിക തരംതിരിക്കലും തൊഴിലിടങ്ങളിൽ പാടില്ല. യുഎഇ ലിംഗ സമത്വത്തിന്റെ ആഗോള മാതൃകയാകണമെന്നു മന്ത്രാലയം സൂചിപ്പിച്ചു.




































