അബൂദബി: ശമ്പള കുടിശ്ശികയും വാര്‍ഷിക ലീവ് അലവന്‍സും ഉള്‍പ്പെടെയുള്ള തുക മുന്‍ ജീവനക്കാരന് നല്‍കാന്‍ കമ്പനിയെ നിര്‍ദേശിച്ച് അബൂദബി ലേബര്‍ കോടതി ഉത്തരവിട്ടു. മൊത്തം 2,52,926 ദിര്‍ഹം നല്‍കണമെന്നതാണ് കോടതി നിര്‍ദേശം.
ഏഴ് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച സ്ഥാപനത്തില്‍ നിന്ന് ലഭിക്കാനുള്ള വേതന കുടിശ്ശിക, വാര്‍ഷിക ലീവ് അലവന്‍സ്, നോട്ടിസ് പീരിയഡ് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളുമായി തൊഴിലാളിയാണ് ലേബര്‍ കോടതിയെ സമീപിച്ചത്. 10,200 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 17,000 ദിര്‍ഹമായിരുന്നു മാസശമ്പളമെന്ന് തൊഴിലാളി കോടതിയെ ബോധിപ്പിച്ചു.
സര്‍വീസാനന്തര ഗ്രാറ്റുവിറ്റിയായി 56,435 ദിര്‍ഹം, വെക്കേഷന്‍ അലവന്‍സായി 49,300 ദിര്‍ഹം, ഓവര്‍ടൈം വേതനമായി 11,757 ദിര്‍ഹം, എട്ട് മാസത്തെ ശമ്പള കുടിശ്ശികയായി 1,19,000 ദിര്‍ഹം എന്നിവ അടക്കമുള്ള ആവശ്യങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.
തൊഴിലാളിയുടെ വാദങ്ങളും സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ച ശേഷം വേതന കുടിശ്ശികയും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള തുക നല്‍കാന്‍ കമ്പനിയോട് ഉത്തരവിടുകയായിരുന്നു.








































